കണ്ണൂര്‍: പഴയ വസ്ത്രത്തില്‍ നിന്നും കളഞ്ഞുകിട്ടിയ രണ്ടരപ്പവന്റെ സ്വര്‍ണം വീട്ടുകാരെ തിരികെ ഏല്‍പ്പിച്ച് മൈസൂര്‍ സ്വദേശികള്‍. ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി പഴയ വസ്ത്രങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് സുനിലിനും തുക്കാറാമിനും കുനിങ്ങാടിലെ രജിതയുടെ വീട്ടില്‍ നിന്നും നല്കിയ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും സ്വര്‍ണം കിട്ടിയത്.
പഴയ വസ്ത്രങ്ങള്‍ ചോദിച്ചാണ്സുനിലും തുക്കാറാമും രജിതയുടെ വീട്ടിലെത്തുന്നത്. ഉടനെ ഭര്‍ത്താവിന്റെ രണ്ട് ഷര്‍ട്ട് ഇവര്‍ക്ക് നല്കി. ഇവര്‍ തിരിച്ചു പോയതിന് ശേഷമാണ് നല്കിയ ഷര്‍ട്ടിനുള്ളില്‍ രണ്ടര പവന്റെ സ്വര്‍ണവുമുണ്ടെന്ന് അറിഞ്ഞത്.
വന്നവരെക്കുറിച്ച് കൂടുതല്‍ അറിയാത്തതുകൊണ്ട് സ്വര്‍ണം തിരിച്ചുകിട്ടില്ലെന്ന് കരുതിയിരിക്കുകയായിരുന്നു. രജിതയും ഭര്‍ത്താവ് രാജനും. എന്നാല്‍ സ്വര്‍ണം തിരിച്ചേല്‍പ്പിക്കാനായി സുനിലും തുക്കാറാമും വീണ്ടും അവര്‍ക്കുമുന്നിലെത്തി. മൈസൂരുവിലെ എസ്.എസ്. മനോജ് സേവാശ്രം ട്രസ്റ്റിന്റെ പ്രവര്‍ത്തകരാണ് സുനിലും തുക്കാറാമും.
ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളത്തില്‍ വന്ന് പഴയ വസ്ത്രങ്ങളും മറ്റും ശേഖരിക്കുന്നവരാണ് രണ്ടുപേരും. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇവര്‍ കുനിങ്ങാടിലെ കുന്നോത്ത് താഴകുനി രാജന്റെ വീട്ടിലെത്തിയത്. പഴയ വസ്ത്രം ചോദിച്ചപ്പോള്‍ ഭര്‍ത്താവിന്റെ രണ്ടു ഷര്‍ട്ടും രണ്ടു മുണ്ടും രജിത നല്‍കുകയായിരുന്നു.
ഒരു ഷര്‍ട്ടിന്റെ പോക്കറ്റില്‍ രജിത തന്റെ സ്വര്‍ണമാലയും മോതിരവും അഴിച്ചുവെച്ചിരുന്നു. രണ്ടും കൂടി രണ്ടര പവന് വരും. സുനിലും തുക്കാറാമും ഇതുമായി മടങ്ങുകയും ചെയ്തു. വൈകീട്ടാണ് താന്‍ ആഭരണം അഴിച്ചുവെച്ച ഷര്‍ട്ടാണ് നല്‍കിയതെന്ന് ഓര്‍മവന്നത്.
വന്നവരെക്കുറിച്ച് ഒരു വിവരവുമില്ല. ഉടനെ ഇവര്‍ നാദാപുരം പോലീസില്‍ പരാതി നല്കി. സ്വര്‍ണം തിരിച്ചുകിട്ടില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് സുനിലും തുക്കാറാമും ചൊവ്വാഴ്ച രാവിലെ വീട്ടിലേക്ക് കയറിവരുന്നത്. പഴയ വസ്ത്രങ്ങള്‍ ശേഖരിച്ച് രാത്രി മുറിയിലെത്തി കിട്ടിയ വസ്ത്രങ്ങള്‍ മടക്കിവെക്കുന്നതിനിടെയാണ് ഒരു ഷര്‍ട്ടിന്റെ പോക്കറ്റില്‍ സ്വര്‍ണം കണ്ടത്.
അത് രജിത നല്കിയ ഷര്‍ട്ടാണെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. പഴയ വസ്ത്രമാണ് ചോദിച്ചതെങ്കിലും രജിത നല്‍കിയത് അധികം ഉപയോഗിക്കാത്ത ഷര്‍ട്ടാണ്. ഇക്കാര്യം ഇവര്‍ ശ്രദ്ധിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെതന്നെ ബസ് കയറി നേരെ കുനിങ്ങാടിലെത്തി സ്വര്‍ണം തിരിച്ചേല്‍പ്പിക്കുകയായിരുന്നു.