ഓച്ചിറ: ക്ലാപ്പനയിലെ കയര്‍ സംഭരണശാലയിലെ തീപിടുത്തത്തില്‍ 70 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ. ക്ലാപ്പന ആലുംപീടിക മണ്ണൂത്തറമുക്കിന് സമീപം കോണത്തേരില്‍ രാജന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഓച്ചിറ വാസന് കയര്‍ വര്‍ക്സ് എന്ന സ്ഥാപനമാണ് പൂര്‍ണമായും കത്തി നശിച്ചത്. സംഭരണശാലയ്ക്ക് സമീപം പാര്‍ക്ക് ചെയ്ത ഒരു ലോറിയും കത്തിനശിച്ചു.
തിരുവല്ലയിലെ മാറ്റ് നിര്‍മാണശാലയിലേക്ക് കൊണ്ടുപോകാനായി 8.5 ടണ്‍ കയര്‍ കയറ്റിയ ലോറിയാണ് പൂര്‍ണമായും കത്തിയത്. സംഭരണശാലക്കുള്ളില് സൂക്ഷിച്ചിരുന്ന 37 ടണ്‍ കയറും കത്തിനശിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 11.30ഓടെ സമീപത്തെ ഷെഡില്‍ താമസിച്ച തൊഴിലാളികളാണ് തീപിടിത്തം കണ്ടത്. തൊഴിലാളികള്‍ ഒച്ചവെച്ചതോടെ അയല്‍വാസികളെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
തുടര്‍ന്ന് ഓച്ചിറ പോലീസും കരുനാഗപ്പള്ളി, കായംകുളം എന്നിവിടങ്ങളില്‍നിന്നും എത്തിയ അഗ്നിരക്ഷാസേനാസംഘവും ചേര്‍ന്നാണ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ തീ നിയന്ത്രണവിധേയമാക്കിയത്. 70 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ രാജന് പറഞ്ഞു. തീ പിടിച്ചതല്ല പെട്രോള്‍, ഡീസല്‍ എന്നിവ ഉപയോഗിച്ച? കത്തിച്ചതാകാമെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.