നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഫാ. ഡോ. മാത്യൂസ് വാഴക്കുന്നം. തന്നെ വൈദികനായി മാത്രം കാണുന്നത് സങ്കുചിതത്വം കൊണ്ടാണെന്ന് ഓര്‍ത്തഡോക്സ് സഭാ പുരോഹിതന് പറഞ്ഞു.
ഒരു പ്രശസ്ത മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇടതുപക്ഷ പ്രവര്‍ത്തകനായതുകൊണ്ടാണ് താന്‍ ഇത്ര ആക്രമിക്കപ്പെടുന്നതെന്ന് ഫാ. ഡോ. മാത്യൂസ് പറഞ്ഞു. അച്ചടക്കമുള്ള സിപിഐഎം പ്രവര്‍ത്തകനാണ് ഞാന്‍. എന്നെ വൈദികനായി മാത്രം കാണാതെ മനുഷ്യനായി കാണണം. സഖാവ് എന്ന വാക്കിന്റെ അര്‍ത്ഥം സ്നേഹിതന്, സഹചാരി എന്നെല്ലാമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഖാവിന്റെ മറ്റൊരര്‍ത്ഥം സമരപങ്കാളി എന്നാണ്. നമ്മുടെ ജീവിതം എപ്പോഴും പോരാട്ടങ്ങളിലൂടെയാണ്. ഇപ്പോഴും നമ്മുടെ ദേശം വലിയൊരു കര്‍ഷകസമരത്തിന്റെ ഭാഗമാണ്. ആ കര്‍ഷക സമരത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന എത്രയോ വൈദികരെ നമ്മള് കാണുന്നുണ്ട്. അതും രാഷ്ട്രീയമാണ്. ഏത് സഭ പറഞ്ഞാലും ഓരോരുത്തരും വോട്ടവകാശം സ്വന്തം തീരുമാനപ്രകാരമായിരിക്കണം വിനിയോഗിക്കേണ്ടതെന്നും ഫാ. മാത്യു വാഴക്കുന്നം കൂട്ടിച്ചേര്‍ത്തു.
”മത്സരരംഗത്തക്ക് വരാന്‍ സാധ്യതയുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. അത്തരത്തില്‍ ഒരു ചോദ്യം വന്നപ്പോഴാണ് അങ്ങനെ പ്രതികരിച്ചത്. എന്റെ പാര്‍ട്ടി, ഞാന്‍ അംഗമായിരിക്കുന്ന സിപിഐഎം തീരുമാനിക്കുകയാണെങ്കില്‍ എന്റെ നാട്ടില്‍ മത്സരിക്കാന്‍ തടസങ്ങളില്ല എന്നായിരുന്നു എന്റെ പ്രസ്താവന. എകെപിസിടിഎ എന്ന കോളേജ് സംഘടന വഴി സിപിഐഎം അംഗമാണ്.
ഓര്‍ത്തഡോക്സ് സഭയുടെ നിലയ്ക്കല്‍ ഭദ്രാസന മാനേജിങ് കമ്മിറ്റി അംഗമാണ്. സഭയുടെ പ്രധാന സമിതിയാണത്. സഭയിലെ ജനങ്ങള്‍ വര്‍ധിത ഭൂരിപക്ഷത്തോടെയാണ് എന്നെ മാനേജിങ്ങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. വ്യക്തിപരമായ അവകാശമാണ് വോട്ടവകാശം.
ഏതെങ്കിലും ഒരു സഭയുടെ ഒരു നേതൃത്വം അത് ഏത് സഭയുമാകട്ടെ, അവര്‍ പറയുന്നത് അനുസരിച്ച് മാത്രം വിനിയോഗിക്കാനുള്ളതല്ല ഇന്ത്യന്‍ പൗരന്റെ വോട്ടവകാശം. അത് തികച്ചും വ്യക്തിപരമാണ്. തിരുമേനിക്ക് തിരുമേനിയുടെ വോട്ടവകാശം, അച്ചന് അച്ചന്റെ വോട്ടവകാശം. വിശ്വാസിക്ക്് വിശ്വാസിയുടെ വോട്ടവകാശം. ആ വോട്ടവകാശത്തെ വിനിയോഗിക്കുവാന്‍ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതി നല്കുന്ന അവസരത്തെ കൃത്യമായി വിനിയോഗിക്കുക. അത് വ്യക്തിപരമായ ഒരു തെരഞ്ഞെടുപ്പ് മാത്രമാണ് എന്ന് ഒന്നാമതായി മനസിലാക്കണം.” എന്നും ഫാ. മാത്യു വാഴക്കുന്നം വ്യക്തമാക്കി.
എന്നെ, കൂടുതല്‍ ആക്രമിക്കാറുള്ളത് ഞാന്‍ ഇടതുപക്ഷ പ്രവര്‍ത്തകനായതുകൊണ്ടാണ്. ആരെങ്കിലും ഒരാള്‍ ഇടതുപക്ഷീയനായി പോയാല്‍ ആക്രമിക്കാന്‍ ഇറങ്ങി പുറപ്പെടുകയാണ്. അതില്‍ നിന്നും മാറ്റത്തിന്റെ ഒരു കാലമാണിത്. പഴയ ക്രൈസ്തവര്‍ കോണ്‍ഗ്രസ് അനുഭാവികളായി നിന്നിട്ടുണ്ടെങ്കില്‍ അതൊക്കെ മാറിവരുന്ന കാലമാണിത്. എന്നെ പോലെയുള്ളവര്‍ ഇടതുപക്ഷത്ത് പ്രവര്‍ത്തിക്കുന്നത് അതിന്റെ സൂചനയാണ്-അദ്ദേഹം പറഞ്ഞു.