മാനന്തവാടി: ജയിലിലുള്ള ഭര്‍ത്താവിന് ജാമ്യം ശരിയാക്കിത്തരാമെന്ന് പറഞ്ഞ് കബളിപ്പിച്ച് മക്കിമല വനത്തില്‍ കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇരിട്ടി സ്വദേശി പിടിയില്‍. 45കാരനായ കണ്ണൂര്‍ ഇരിട്ടി വിളമന സ്വദേശി പാറക്കണ്ടിപറമ്പ് വീട്ടില്‍ അശോകന് ആണ് അറസ്റ്റിലായത്.
തൊണ്ടര്‍നാട് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന യുവതിയാണ് പീഡനത്തിനിരയായത്. ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക വീരാജ്പേട്ട മുറനാട് ബോസ്രി എന്ന സ്ഥലത്തു നിന്ന് അതിസാഹസികമായാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അവിടെ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പോലീസിനെ കണ്ടതും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അശോകനെ സാഹസികമായാണ് പിടികൂടിയത്. ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ഇയാള്‍. ഈ കേസില്‍ ഒന്നര വര്‍ഷത്തോളം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് യുവതിയെ പീഡിപ്പിച്ചത്.