കൊല്ലം: മുളങ്കാടകം ക്ഷേത്രത്തില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചെ നാല് മണിയോടെയാണ് ചുറ്റമ്പലത്തിന് മുകളില്‍ നിന്ന് തീ ഉയരുന്നത് ദേശീയപാതയില്‍ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു.
ദേശീയപാതയില്‍നിന്നു കുറച്ച് അകത്തേക്കുള്ള ക്ഷേത്രത്തിന്റെ കോമ്പൗണ്ടില്‍ എത്തി നോക്കുമ്പോഴാണു ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലെ ഗോപുരം ആളി കത്തുന്നതു ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ഇവര്‍ ഫയര്‍ഫോഴ്സിനു വിവരം നല്കി. ഉടന്‍ തന്നെ, കടപ്പാക്കട, ചാമക്കട എന്നിവിടങ്ങളില്‍നിന്നു 5 യൂണിറ്റ് അഗ്നിരക്ഷാസേന സംഘം സ്ഥലത്തെത്തി.
ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചത്. തടിയില്‍ നിര്‍മിച്ചിരിക്കുന്ന ചുറ്റമ്പലത്തിന്റെ മുന്പിലെ ഗോപുരത്തില്‍ സ്ഥാപിച്ചിരുന്ന കെടാവിളക്ക് താഴേക്കു വീണു തീ പടര്‍ന്നതാകാം എന്നാണു പ്രാഥമിക നിഗമനം. തടിയില്‍ നിര്‍മിച്ചിരിക്കുന്ന ചുറ്റമ്പലത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്സ് അടക്കമുള്ള സംഘങ്ങള്‍ കൃത്യ സമയത്ത് എത്തിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.