തിരുവനന്തപുരം: സ്നേഹയുടെ പള്ളിക്കൂടത്തിന് ‘നേരം പുലര്‍ന്നിരിക്കുന്നു’, ഇനി നാടിനും അവളെയോര്‍ത്ത് ആഹ്ലാദിക്കാം അഭിമാനിക്കാം. ബജറ്റിന്റെ ആമുഖമായി ധനമന്ത്രി ചൊല്ലിയ കവിതയെഴുതിയ സ്നേഹയുടെ സ്കൂളിന് ഏഴുകോടി രൂപ നല്‍കുമെന്ന് തോമസ് ഐസക് അറിയിച്ചിരിക്കുകയാണ്.
സ്നേഹയുടെ സ്കൂളായ പാലക്കാട് കുഴല്‍മന്ദം ജി.എച്ച്.എസിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഏഴുകോടി രൂപ നല്‍കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ പ്രഖ്യാപിച്ചു. ഇതിനെല്ലാം വഴിവെച്ചത് സ്നേഹയുടെ കവിത തന്നെയാണ്.
അവളെഴുതിയ” നേരം പുലരുകയും സൂര്യന് സര്വതേജസ്സോടെ ഉദിക്കുകയും …” എന്നു തുടങ്ങുന്ന മഹാമാരിയെ അതിജീവിക്കുന്ന പ്രതീക്ഷയുടെ വരികള്‍ ചൊല്ലിയാണ് ഇത്തവണ ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. പാതുവിദ്യാലയങ്ങളിലെ പ്രതിഭാധനരായ കുട്ടികളുടെ പ്രതിനിധിയായാണ് സ്നേഹയെ മന്ത്രി അവതരിപ്പിച്ചത്.
എന്നാല്‍, സ്നേഹ പഠിക്കുന്ന പള്ളിക്കൂടത്തിന്റെ പരിതാപകരമായ അവസ്ഥ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. മാതൃഭൂമി ന്യൂസിലെ ചര്‍ച്ചയില്‍ പള്ളിക്കൂടത്തിന് പുതിയ കെട്ടിടം നിര്‍മിക്കുമെന്ന് മന്ത്രിതന്നെ സ്നേഹയ്ക്ക് ഉറപ്പുനല്‍കി.
നിലവില്‍ വാടകക്കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
പുതിയ കെട്ടിടത്തിന് രണ്ടുവര്‍ഷംമുമ്പ് മൂന്നുകോടി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍, കെട്ടിടത്തിന്റെ രൂപകല്പന തയ്യാറാക്കുന്നത് വൈകിയെന്ന് മന്ത്രി പറഞ്ഞു. കെട്ടിടം പണിയാന്‍ ഒന്നര ഏക്കര്‍സ്ഥലവും സൗജന്യമായി കിട്ടിയിരുന്നു. ആദ്യം നല്കിയ മൂന്നുകോടിയുടെ ഭരണാനുമതി റദ്ദാക്കിയാണ് ഏഴുകോടി അനുവദിച്ചത്.