നെടുംകുന്നം: മറ്റുള്ള പിടക്കോഴികളില്‍ നിന്നും തികച്ചും വ്യത്യസ്തയാണ് റെജിയുടെ വീട്ടിലെ പിടക്കോഴി. ഇമ്മിണി വലിയ മനസ്സുകാരിയാണെന്നുതന്നെ പറയാം. സാധാരണ കോഴികള്‍ ഒരു ദിവസം ഒരു മുട്ട ഇടുമ്പോള്‍ ഇവള് 2 മുട്ടയാണ് ഇടുന്നത്.
നെടുംകുന്നം വട്ടക്കാവ് വടക്കേപുതുവേലില് റെജി ജോസഫിന്റെ കോഴിയാണ് ദിവസവും രണ്ട് മുട്ടയിടുന്നത്. വിവരം പുറത്തായതോടെ നാട്ടിലെ താരമാണ് ഇപ്പോള്‍ റെജിയുടെ കോഴി. 5 വര്‍ഷം മുന്‍പ് സ്കൂളില്‍ നിന്നും മകള്‍ അക്സാ മരിയായ്ക്കു കിട്ടിയതാണ് നാടന്‍ ഇനം പിടക്കോഴി കോഴി.
അഞ്ച് വര്‍ഷമായി മുട്ട ഇടുന്നുണ്ടെങ്കിലും ഒരാഴ്ചയായിട്ടാണു ഒറ്റ ദിവസം 2 മുട്ട ഇടാന്‍ തുടങ്ങിയത്. 3 പിടക്കോഴികളേ വീട്ടിലുള്ളൂ. എന്നാല്‍ ദിവസവും 4 മുട്ടകള്‍ കിട്ടാന്‍ തുടങ്ങി. ഇതോടെ സംശയം തോന്നിയത്. തുടര്‍ന്ന് വീട്ടുകാര്‍ കോഴിയെ നിരീക്ഷിക്കാന്‍ തുടങ്ങി.
അങ്ങനെയാണ് കോഴിയുടെ സവിശേഷത തിരിച്ചറിഞ്ഞത്. ഒരേ സമയത്താണ് 2മുട്ടകള്‍ ഇടുന്നതും. മുട്ടകള്‍ തമ്മില്‍ വലുപ്പത്തില്‍ ചെറിയ വ്യത്യാസം ഉണ്ടെങ്കിലും സ്വാദിന് മാറ്റമില്ലെന്നാണ് റെജി പറയുന്നത്. സംഭവം നാട്ടിലാകെ പരന്നതോടെ കോഴിയെ കാണാന്‍ ആളുകള്‍ വരുന്നുണ്ട്.