തിരുവനന്തപുരം: സംസ്ഥാനത്തെ 50 ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി അരി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ബജറ്റിലെ പ്രഖ്യാപനം. വെള്ള, നീല കാര്‍ഡുടമകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
അധികമായി 10 കിലോ വീതം അരി 15 രൂപ നിരക്കില്‍ അനുവദിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. കോവിഡ് കാലത്ത് ആരംഭിച്ച ഭക്ഷ്യകിറ്റ് വിതരണം കോവിഡാനന്തര കാലത്തും തുടരാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടെന്ന് തോമസ് ഐസക് വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യ സബ്സിഡിക്കായി 1060 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ചര കോടി ഭക്ഷ്യകിറ്റുകളാണ് ഇതുവരെ വിതരണം ചെയ്തതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കമ്പോളത്തില്‍ ശക്തമായ ഇടപെടലാണ് നടത്തിയത്. ഓണക്കാലത്ത് ഇത് വിപണിയില്‍ ദൃശ്യമായെന്നും ഐസക് പറഞ്ഞു. വരുന്ന അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സംസ്ഥാനമാക്കി മാറ്റുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ബജറ്റില്‍ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി പ്രഖ്യാപിച്ചു. കേരളത്തെ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സംസ്ഥാനമാക്കി മാറ്റുന്നതിനായി പരമദ്രരിദ്രരുടെ പുതുക്കിയ പട്ടിക തയ്യാറാക്കും. ആശ്രയ പദ്ധതി അനുസരിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തുക. ആശ്രയ ഗുണഭോക്താക്കളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്നവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തും.
ഏകദേശം മൂന്ന് ലക്ഷം കുടുംബങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ധനമന്ത്രി തോമസ് ഐസ് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വരുമാനം ഇല്ലാത്തവര്‍ക്കും വരുമാന ശേഷിയില്ലാത്തവര്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതിനായി അഞ്ചുവര്‍ഷം കൊണ്ട് ആറായിരം കോടി രൂപ നല്‍കും.