തിരുവനന്തപുരം: വരുന്ന അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന ബജറ്റില്‍ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി പ്രഖ്യാപിച്ചു.
കേരളത്തെ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സംസ്ഥാനമാക്കി മാറ്റുന്നതിനായി പരമദ്രരിദ്രരുടെ പുതുക്കിയ പട്ടിക തയ്യാറാക്കും. ആശ്രയ പദ്ധതി അനുസരിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തുക. ആശ്രയ ഗുണഭോക്താക്കളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്നവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തും.
ഏകദേശം മൂന്ന് ലക്ഷം കുടുംബങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ധനമന്ത്രി തോമസ് ഐസ് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വരുമാനം ഇല്ലാത്തവര്‍ക്കും വരുമാന ശേഷിയില്ലാത്തവര്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതിനായി അഞ്ചുവര്‍ഷം കൊണ്ട് ആറായിരം കോടി രൂപ നല്‍കും.
ഇതിലൂടെ സംസ്ഥാനത്ത് സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക് പറഞ്ഞു. തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.
തൊഴിലുറപ്പു തൊഴിലാളികളില്‍ മറ്റു പെന്‍ഷനുകള്‍ ഇല്ലാത്തവര്‍ക്ക് പെന്ഷന് നല്‍കും. തൊഴിലില്‍നിന്നു പുറത്തു പോവുമ്പോള്‍ മുഴുവന്‍ തുകയും തിരിച്ചുനല്‍കും. അംശദായത്തിനു തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായി നല്‍കും.
തൊഴിലുറപ്പു പദ്ധതിക്ക് 4047 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 75 ദിവസത്തെ തൊഴില്‍ ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.