തിരുവനന്തപുരം: അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലാണ് തൊഴിവസരങ്ങള്‍ സൃഷ്ടിക്കുകയെന്നും മന്ത്രി പറഞ്ഞു.
ആഗോള കമ്പനികളുടെ നൈപുണ്യ പരിശീലനം കേരളത്തില്‍ ഉറപ്പാക്കുമെന്നും തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തിനിടെ പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബൃഹദ് പദ്ധതിയാണ് പ്രഖ്യാപിച്ചത്. കെ- ഡിസ്ക് എന്ന പേരിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
നിയര്‍ ഹോം പദ്ധതിക്ക് 20 കോടി രൂപ നീക്കിവെയ്ക്കും. വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് കെഎസ്എഫ്ഇ അടക്കം വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി വായ്പ അനുവദിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി.
ഏപ്രില്‍ മാസം മുതല്‍ പുതുക്കിയ ക്ഷേമ പെന്ഷന് ജനങ്ങള്‍ക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. പിണറായി വിജയന് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ആശ്വാസ നടപടി. റബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തി. നെല്ലിന്റെയും നാളികേരളത്തിന്റെയും സംഭരണ വില ഉയര്‍ത്തി. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കിയും നാളികേരത്തിന്റെ 32 രൂപയാക്കിയുമാണ് ഉയര്‍ത്തിയത്.