ചെങ്ങാലൂര്‍: ജയിച്ചാലും തോറ്റാലും വീട് വെച്ച് നല്‍കുമെന്ന വാഗ്ദാനം നല്കി പോയ യുഡിഎഫ് സ്ഥാനാര്‍ത്ഥി തിരിച്ചെത്തി. ആ വാഗ്ദാനം പാലിക്കാന്‍. കെഎം ബാബുരാജ് ആണ് ഷീറ്റ് കെട്ടിക്കിടന്ന കുണ്ടുകടവ് കല്ലുംപുറം സതീശനും കുടുംബത്തിനും വീട് വെച്ച് നല്കാന് എത്തിയത്. നല്‍കിയത് പാഴ് വാഗ്ദാനമായിരുന്നില്ലെന്ന് തെളിയിക്കുകയാണ് ബാബു രാജ്.
വോട്ട് ചോദിക്കാനെത്തിയപ്പോഴാണ് ഫ്ലക്സ് കെട്ടിമറച്ച് അതിനുള്ളില്‍ കഴിയുന്ന രണ്ട് പെണ്‍കുട്ടികളും ഭാര്യയും അടങ്ങുന്ന സതീശനെയും കുടുംബത്തെയും ബാബുരാജ് കണ്ടത്. മൂന്നുമാസംമുന്പ് കാറ്റിലും മഴയിലും ഇവര്‍ താമസിച്ചിരുന്ന വീട് തകര്‍ന്നു. ആ സമയം ഭാര്യ സിനിയും മക്കളായ അഞ്ജലിയും ദേവനന്ദയും വീട്ടിലുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് പുറത്തേക്കോടിയതിനാലാണ് വന്‍ അപകടം ഒഴിവായത്.
തുടര്‍ന്ന് സമീപത്തെ സഹോദരിയുടെ വീടിന്റെ വശത്ത് ഫ്ളക്സ് ഷീറ്റ് മറച്ചുകെട്ടി താമസിക്കുകയായിരുന്നു. സതീശന്റെ കുടുംബത്തിന്റെ ദുരവസ്ഥ നേരിട്ടറിഞ്ഞ ബാബുരാജ് തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ വീടിന്റെ തറക്കല്ലിട്ടു. പഞ്ചായത്ത് പ്രസിഡന്റായിട്ടും സര്‍ക്കാര്‍ ഫണ്ടുകള്‍ക്കോ പാര്ട്ടിതീരുമാനത്തിനോ കാത്തുനില്‍ക്കാതെ ബാബുരാജ് സ്വന്തംചെലവില്‍ വീടിന്റെ പണി ആരംഭിക്കുകയായിരുന്നു. എത്രയും വേഗം പണി പൂര്‍ത്തിയാക്കി സതീശന്റെ കുടുംബത്തിന് വീട് കൈമാറുമെന്ന് ബാബുരാജ് പറഞ്ഞു.