മലപ്പുറം: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കണമെന്ന് ആവശ്യവുമായി അനുകൂലികള്‍ രംഗത്ത്.
അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാല്‍ സിവില്‍ കേസായി മാത്രം നിലനില്‍ക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രിമിനല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ആണെന്നാണ് കമറുദ്ദീന് പക്ഷം വാദിക്കുന്നത്.
മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് നടത്തിയ ഉപതെരഞ്ഞെടുപ്പിലായിരുന്നു എംസി കമറുദ്ദീന് ഇവിടെ വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി രവീഷ് തന്ത്രി കുണ്ടാറിനെതിരെ 7923 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എംസി കമറുദ്ദീന് 65,407 വോട്ടുകള്‍ നേടിയായിരുന്നു വിജയിച്ചത്.
നിലവില്‍ 148 കേസുകളാണ് കമറുദ്ദീനെതിരെ നിലനില്‍ക്കുന്നത്. എന്നാല്‍ കൂടുതല്‍ കേസുകളില്‍ ജാമ്യം ലഭിക്കുന്നതോടെ ഉടന്‍ പുറത്തിറങ്ങാന്‍ പറ്റുമെന്നാണ് പ്രതീക്ഷ ഇതോടെ മഞ്ചേശ്വരത്ത് കമറുദ്ദീനെ മത്സരിപ്പിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.
എന്നാല്‍ നിലവില്‍ കമറുദ്ദീന് ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഒരു ലക്ഷം രൂപയുടെ ആള് ജാമ്യവും അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ 3 മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയുമാണ് 24 കേസുകളില്‍ ഹൊസ്ദുര്‍ഗ് ഫസ്റ്റ് കോടതി കമറുദ്ദീന് ജാമ്യം അനുവദിച്ചത്. അതത് കേസുകളുള്ള സ്റ്റേഷന് പരിധിയിലേക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതി വാങ്ങിയ ശേഷമേ പ്രവേശിക്കാവൂ. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് കമറുദ്ദീന്.