മുഹമ്മ: വ്യാപകമായി വളര്‍ത്തു പൂച്ചകള്‍ ചത്തുവീഴുന്നത് ജനങ്ങളില്‍ ആശങ്ക പടര്‍ത്തുന്നു. വീയപുരത്തും മുഹമ്മയിലുമായി സംഭവം. പന്ത്രണ്ടോളം വളര്‍ത്തു പൂച്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചത്തത്. വൈറസ് രോഗമായിരിക്കാം ഇതിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ചത്ത് വീഴുന്നതിന് മുന്‍പ് പൂച്ചകളുടെ കണ്ണുകള്‍ ചുവക്കുകയും, കണ്പോളകള് വിണ്ട് കീറുകയും ചെയ്തെന്ന് ഉടമകള്‍ പറയുന്നു. പൂച്ചകളില്‍ പ്രത്യേക സീസണുകളില്‍ കണ്ടുവരുന്ന പ്രത്യേകത തരം വൈറസ് രോഗമാണ് ഫെലൈന്‍ പാന്‍ലൂക്കോപീനിയ എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇത് കാരണമാവാം പൂച്ചകള്‍ ചത്തുവീഴുന്നതെന്നും വിദഗ്ധര്‍ വ്യക്തമാക്കി. അതേസമയം പൂച്ചകളില്‍ നിന്ന് ഈ വൈറസ് മനുഷ്യനിലേക്ക് പടരില്ല. ഇതിനെ പ്രതിരോധിക്കുന്നതിനായി പൂച്ചകളില്‍ വാക്സിന് എടുക്കാം. 600 രൂപയാണ് വാക്സിന്റെ ചിലവ്.