മയ്യില്‍: മരത്തടി വീണ് തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ആന്റിജന്‍ പരിശോധനയുടെ രജിസ്ട്രേഷന്. കൗണ്ടറിന്റെ പ്രവര്‍ത്തനമാണ് ഭീതിജനകമായ കെട്ടിടത്തില്‍ നടത്തി വരുന്നത്. മയ്യില്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ മുന്‍പ് ഡോക്ടര്‍മാര്‍ താമസിക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്ന കെട്ടിടത്തിലാണ് കഴിഞ്ഞ ജൂണ്‍ മാസം കൂറ്റന്‍ മരം പൊട്ടിവീണത്.
ശക്തമായ കാറ്റിലും മഴയിലും ഉണ്ടായ അപകടത്തില്‍ കെട്ടിത്തിന്റെ ആസ്ബസ്റ്റോസ് ഷീറ്റും ഓടുകളും കഴുക്കോലും തകര്‍ന്നിരുന്നു. പൊട്ടിവീണ മരക്കൊമ്പ് നീക്കാത്തതിനാല്‍ ഉണങ്ങി ദ്രവിച്ച് വീണുകൊണ്ടിരിക്കുന്ന നിലയിലാണുള്ളത്. ഇതാണ് ഇപ്പോള്‍ അപകടഭീഷണിയില്‍ നില്‍ക്കുന്നത്.
ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രം നവീകരിക്കുന്നതിന്റെ ഭാഗമായി കെട്ടിടം പൊളിച്ചുമാറ്റുന്നതിനാലാണ് മരത്തടി മുറിച്ചുനീക്കാത്തതെന്നാണ് ലഭിക്കുന്ന വിവരം. തകര്‍ന്നുവീണുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ ദിവസം നൂറിലധികംപേര്‍ രജിസ്റ്റര്‍ ചെയ്യാനെത്തുന്ന കാഴ്ചയാണ്.