കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് ഇനി സ്വാഗതം ചെയ്യുന്നത് കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന കൂറ്റന്‍ മ്യൂറല്‍ പെയിന്റിങ് ആണ്. തെയ്യത്തിനു പ്രാധാന്യം നല്‍കിയുള്ള പെയിന്റിങ്ങില്‍ കഥകളിയും വള്ളംകളിയും മോഹിനിയാട്ടവും കടലുമെല്ലാം വരച്ച് ചേര്‍ത്തിട്ടുണ്ട്. ജയിലില്‍ തടവുകാരെ ചിത്രകല അഭ്യസിപ്പിക്കുന്ന മാഹി ഈസ്റ്റ് പള്ളൂര്‍ സ്വദേശിനി സുലോചനയാണ് ചിത്രം വരച്ചത്.
സഹപ്രവര്‍ത്തകരായ ആതിര ഉണ്ണി, തമ്പാന് പെരുന്തട്ട, പ്രീത പത്മനാഭന്, സജിത സുരേഷ് എന്നിവരുടെ സഹായത്തോടെയാണ് പെയിന്റിങ് പൂര്‍ത്തിയാക്കിയത്. രണ്ട് ദിവസത്തെ പ്രയ്തനമാണ് ഈ പെയിന്റിങിന് പിന്നില്‍. സെന്‍ട്രല്‍ ജയിലിന്റെ പ്രധാന പ്രവേശന കവാടത്തിനു സമീപത്തെ ചെങ്കല്ഭിത്തിയിലാണ് പെയിന്റിംഗ് ചെയ്തിരിക്കുന്നത്.
സുലോചനയ്ക്കു കീഴില്‍ ചിത്രകല പരിശീലിച്ച അഞ്ചു തടവുകാരുടെ സഹായവുമുണ്ടായിരുന്നു. വര്ണയജ്ഞം എന്ന പേരിലാണ് 20 മീറ്റര്‍ നീളത്തില്‍ പെയിന്റിങ് ഒരുക്കിയത്. രണ്ടുവര്‍ഷമായി ജയിലില്‍ സൗജന്യമായി ചിത്രകല പരിശീലിപ്പിക്കുകയായിരുന്നു സുലോചന. കൊവിഡ് പശ്ചാത്തലത്തില്‍ ഒരിടവേള വന്നു. പരിശീലനം പുനരാരംഭിക്കുന്നതിനു മുന്നോടിയായാണു കൂറ്റന്‍ മ്യൂറല്‍ പെയിന്റിങ് ചെയ്തത്. ജയില്‍ ഡിജിപി ഋഷിരാജ് സിങ് പെയിന്റിങ് അനാഛാദനം ചെയ്തു.