പുനലൂര്‍: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂരയും മണ്‍ഭിത്തിയും തകര്‍ന്നുവീണു. ഉറങ്ങി കിടന്ന വീട്ടമ്മയ്ക്ക് അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന കുട്ടികളടക്കം മറ്റ് അഞ്ചുപേര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീട് പൂര്‍ണമായും തകര്‍ന്നു. കരവാളൂര്‍ പൊയ്കമുക്ക് ഉണ്ണിക്കുന്ന് ലക്ഷംവീട്ടില്‍ ഭാസുരയ്ക്കാണ് (60) പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയുടെ തലയില്‍ എട്ട് സ്റ്റിച്ചാണ് ഇട്ടത്. ഇതിനു പുറമെ, കാലിനും പൊട്ടലുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഇവിടെ ശക്തമായ മഴ പെയ്തിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ഓടുമേഞ്ഞ മണ്‍വീട് ശനിയാഴ്ച പുലര്‍ച്ചെ നിലംപതിക്കുകയായിരുന്നു. സംഭവസമയം വീട്ടുകാരെല്ലാവരും ഉറക്കത്തിലായിരുന്നു. ഭിത്തിയോടുചേര്‍ന്ന് കട്ടിലില്‍ ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ ശരീരത്തിലേയ്ക്ക് മണ്‍ഭിത്തിയും ഓടുകളും പതിക്കുകയായിരുന്നു.
ഭാസുരയുടെ ഭര്‍ത്താവ് ശ്രീനിവാസനും മകളും മകളുടെ മൂന്നു കുട്ടികളുമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. ശബ്ദംകേട്ട് കുട്ടികളെ വേഗത്തില്‍ പുറത്തെത്തിച്ചതിനാല്‍ അവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഭാസുര പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.