തിരുവനന്തപുരം: മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ കാലത്താണ് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മ്മിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാര്‍ ആഴ്ചയില്‍ ഒരു പാലം എന്ന നിരക്കില്‍ പാലങ്ങളുടെ പണി തീര്‍ത്തിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 245 പാലങ്ങള്‍ പൂര്‍ത്തിയാക്കി. യുഡിഎഫ് തുടങ്ങിയതല്ലാത്ത ഒരു ഫ്ളൈ ഓവറോ പാലമോ ഇടത് സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ‘കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മിച്ചത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലാണ്.
വര്‍ഷങ്ങളോളം മുടങ്ങിക്കിടക്കുന്നത് ഉള്‍പ്പെടെ ഇരുന്നൂറ്റി നാല്‍പ്പത്തിയഞ്ചോളം പാലങ്ങള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാക്കി. യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയതല്ലാത്ത ഒരു ഫ്ളൈഓവറോ പാലമോ ഇടതുസര്‍ക്കാര്‍ ചെയ്തിട്ടില്ല’, ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കൊച്ചിയിലെ രണ്ട് ഫ്ളൈഓവറുകള്‍ വലിയ ആഘോഷത്തോടെ ഭരണം തീരാറായപ്പോള്‍ ഉദ്ഘാടനം ചെയ്യുന്നത് കണ്ടപ്പോള്‍ അതിശയം തോന്നി. യുഡിഎഫ് സര്‍ക്കാര്‍ ഡിപിആര്‍ തയ്യാറാക്കി ഭരണപരമായ അനുമതി നല്കിയ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ അഞ്ച് വര്‍ഷമെടുത്താണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്.
എങ്കിലും അതിനെ സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പ്രതികരിച്ചു. കൊച്ചിയില്‍ മെട്രോ ട്രെയിന്‍ കൂടി തുടങ്ങിയപ്പോള്‍ ഗതാഗതം സുഗമമാക്കാനാണ് പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംഗ്ഷന് എന്നിവിടങ്ങളില്‍ ടോള്‍ പിരിവ് ഇല്ലാതെ ഫ്ളൈഓവര്‍ നിര്‍മിക്കുന്നതിന് ഉത്തരവിട്ടത്.
2016 സെപ്റ്റംബറിലും ഒക്ടോബറിലുമായി ഇടപ്പള്ളിയും പാലാരിവട്ടവും മേല്‍പ്പാലങ്ങള്‍ തുറന്നു. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ 70 ശതമാനം യുഡിഎഫും 30 ശതമാനം ഇടതുസര്‍ക്കാരുമാണ് പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.