തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യചെയ്ത രാജനെതിരെ വീണ്ടും ആരോപണവുമായി പരാതിക്കാരി വസന്ത രംഗത്ത്. ഗുണ്ടായിസം കാട്ടി രാജന് തര്‍ക്ക ഭൂമിയില്‍ അതിക്രമിച്ച് കയറുകയായിരുന്നുവെന്ന് വസന്ത ആരോപിച്ചു.
പട്ടയമുള്ള ഭൂമിയാണ് ഇതെന്നും ആര്‍ക്ക് വേണമെങ്കിലും വില്‍ക്കാമെന്നും വസന്ത പറയുന്നു.
സുകുമാരന്‍ നായരുടെ പേരിലാണ് പട്ടയം. അത് സുഗന്ധി വാങ്ങി. സുഗന്ധിയില്‍ നിന്നാണ് താന്‍ വാങ്ങിയതെന്നും വസന്ത പ്രതികരിച്ചു. മദ്യത്തെയും മയക്ക്മരുന്ന് കച്ചവടത്തേയും എതിര്‍ത്തതു കൊണ്ടാണ് തന്നെ എതിര്‍ക്കുന്നതെന്ന് വസന്ത പറഞ്ഞു.
നാട്ടുകാര്‍ നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. ജീവന് പോലും ഭീഷണിയുള്ള സ്ഥിതിയാണ്. ഡിജിപിക്ക് വരെ പരാതി നല്‍കിയെങ്കിലും നീതി കിട്ടിയില്ല. പട്ടയം ഒരാള്‍ക്കേ കിട്ടൂ. കാലാവധി കഴിഞ്ഞാല്‍ ക്രയവിക്രയം ചെയ്യാം. രാജന് കോളനിയില്‍ തന്നെ സ്വന്തമായി വീടും ഭൂമിയും ഉണ്ട്.
തന്റെ ഭൂമി പുറമ്പോക്ക് ഭൂമിയാക്കി തീര്‍ക്കാന്‍ കോളനിയിലെ ഒരു വിഭാഗം ശ്രമിച്ചു. ഗുണ്ടായിസം കാട്ടി രാജന് ഭൂമിയില്‍ അതിക്രമിച്ച് കയറുകയായിരുന്നു. ബോബി ചെമ്മണ്ണൂര്‍ 50000 രൂപയാണ് അസ്വാന്‍സ് നല്‍കിയത്. എത്ര തുക വേണമെന്ന് കൃത്യമായി ആവശ്യപ്പട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് ബോബി ചെമ്മണ്ണൂര്‍ തര്‍ക്കഭൂമി വസന്തയില്‍ നിന്നും വാങ്ങിയത്. ഇത് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ആ ഭൂമി വേണ്ടെന്നാണ് കുട്ടികള്‍ അറിയിച്ചത്.
ഭൂമി വേറെ ആര്‍ക്കെങ്കിലും എഴുതി കൊടുക്കുമെന്നും എന്നാല്‍ ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഭൂമി നല്‍കില്ലെന്നാണ് വസന്ത അന്ന് പറഞ്ഞത്. എന്നാല്‍ ഇന്ന് അവര്‍ പറഞ്ഞ വിലയ്ക്ക് ബോബി ചെമ്മണ്ണൂര്‍ ആ ഭൂമി വാങ്ങി രാജന്റെ മക്കള്‍ക്ക് നല്കി.
വില നിങ്ങള്‍ പറഞ്ഞോ എന്ന ബോബിയുടെ ഓഫറിന് മുന്നില്‍ വസന്തയ്ക്ക് മറ്റൊന്നും പറയാനില്ലായിരുന്നു. രേഖകളെല്ലാം തയാറാക്കി അവര്‍ പറഞ്ഞ വിലയ്ക്കാണ് താന്‍ ആ ഭൂമി വാങ്ങിയതെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ബോബിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
‘തിരുവനന്തപുരത്തെ ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അംഗങ്ങള്‍ എന്നെ വിളിച്ച്, രാജന്റെ മക്കളെ ആ ഭൂമി വാങ്ങാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ഞാന്‍ ഇന്നലെ തിരുവനന്തപുരത്തെത്തി സ്ഥലത്തിന്റെ ഉടമയായ വസന്തയെ പോയി കണ്ട്, രേഖകളെല്ലാം തയാറാക്കി അവര്‍ പറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി’ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
കുടിയൊഴിപ്പിക്കാന്‍ പൊലീസ് എത്തിയപ്പോഴാണ് ഭാര്യയെ കെട്ടിപിടിച്ച് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ രാജന് ശരീരത്തില്‍ ഒഴിക്കുന്നത്. എന്നാല്‍ പൊലീസുകാരെ പിന്തിരിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും, എസ്ഐ ലൈറ്റര്‍ തട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും രാജന് പറഞ്ഞിരുന്നു.