കല്ലമ്പലം : രണ്ട് മക്കളെയും ക്രൂരമായി കൊലപ്പെടുത്തി അച്ഛന് ആത്മഹത്യ ചെയ്ത് സംഭവം കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. മരണവാര്‍ത്ത കേട്ട ഞെട്ടലില്‍ നിന്ന് നാട്ടുകാര്‍ ഇതുവരെയും മോചിതരായിട്ടില്ല. അല്‍ത്താഫ്(11), അന്‍ഷാദ്(9) എന്നിവരാണ് പിതാവ് സഫീറിന്റെ കൈകളാല്‍ കൊല്ലപ്പെട്ടത്.
ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച രാവിലെയെത്താമെന്നുള്ള ഉറപ്പിലാണ് സഫീര്‍ വെള്ളിയാഴ്ച വൈകിട്ട് വൈരമല എ.ആര്. മന്‍സിലില്‍ നിന്നും മക്കളെയും കൂട്ടിപ്പോയത്. മക്കളെ കാണാത്തതിനെ തുടര്‍ന്ന് വഴിക്കണ്ണോടെ ഏറെ നേരം കാത്തു നിന്ന റജീനയോടും ഉമ്മ ബുഷ്റയോടും കുട്ടികള്‍ മരിച്ച വിവരം പറഞ്ഞിട്ടില്ലായിരുന്നു.
തലേ ദിവസം ബാപ്പയുടെ കൈപിടിച്ച് യാത്ര പറഞ്ഞുപോയ മക്കള്‍ ഇനി ഒരിക്കലും തിരികെ വരില്ലെന്നുള്ള സത്യം മനസിലായില്ലെങ്കിലും വഴിയിലേക്ക് കണ്ണുംനട്ട് റജീന വീടിന്റെ പടിവാതിലില്‍ നില്‍ക്കുകയാണ്. പതിവില്ലാതെ വാഹനങ്ങള്‍ വരുന്നതിലും അയല്‍വാസികളുടെ സംസാരത്തിലും പന്തികേട് തോന്നിയ റജീനയോട് മക്കളെ കാണാനില്ലെന്നും ഉടന്‍ തിരിച്ചെത്തുമെന്നുമാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്.
കുടുംബപ്രശ്നമാണ് കൊലപാതകത്തിനും ആത്മഹത്യക്കും കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളുടെ അമ്മ കുടുംബവുമായി അകന്നുകഴിയുകയായിരുന്നു. ഇവര്‍ മറ്റൊരു വീട്ടിലായിരുന്നു താമസം. മക്കള്‍ രണ്ടുപേരും ഇവര്‍ക്കൊപ്പമായിരുന്നു.
മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന സഫീര്‍ രണ്ടുദിവസം മുമ്പാണ് മക്കളെ വീട്ടിലേക്ക് കൊണ്ടുവന്നത്. 2 ദിവസം മക്കള്‍ക്കൊപ്പം താമസിക്കണമെന്നായിരുന്നു സഫീര്‍ ഭാര്യയോട് പറഞ്ഞത്. കുട്ടികളുടെ ഉപ്പയല്ലേ എന്ന വിശ്വാസത്തിലാണ് ഭാര്യ ഇവരെ സഫീറിനൊപ്പം വിട്ടയച്ചത്.