മലപ്പുറം: ഏറെ നാളായുള്ള സ്വപ്നം യാഥാര്‍ത്ഥ്യമാക്കി സുധീഷ്. ചോലനായ്ക്കര്‍ ഗോത്ര വിഭാഗത്തില്‍ നിന്ന് ചരിത്രത്തിലാധ്യമായി ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട സുധീഷ് ഇനി പൊലീസായി എത്തും. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് വഴിക്കടവ് ഡിവിഷനില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് സുധീഷ് വിജയിച്ചത്.
ഈ ഗോത്ര വിഭാഗത്തില്‍ നിന്നും ആദ്യമായി പൊലീസാകുന്ന വ്യക്തിയും സുധീഷ് തന്നെയാണ്. ജനപ്രതിനിധിയായി സ്ഥാനമേറ്റ് രണ്ടാഴ്ച്ച തികയുന്നതിന് മുമ്പേ സുധീഷിന് ജോലിയും ലഭിച്ച് കഴിഞ്ഞു. ഉള്‍വനത്തോട് ചേര്‍ന്ന് താമസിക്കുന്ന ചോലനായ്ക്കര്‍, കാട്ടുനായ്ക്കര്‍, പണിയര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി കേരള പൊലീസ് നടത്തിയ പ്രത്യേക നിയമനത്തിലൂടെയാണ് സുധീഷിന് ജോലി ലഭിച്ചത്.
പിഎസ്സി റാങ്ക് ലിസ്റ്റില്‍ രണ്ടാം പേരുകാരനായിരുന്നു സുധീഷ്. വഴിക്കടവ് വനത്തിലെ അളയ്ക്കല്‍ കോളനി നിവാസിയാണ് സുധീഷ്. തനിക്ക് ജോലി ലഭിച്ചാല്‍ അത് തെരഞ്ഞെടുക്കുമെന്ന് സിപിഐഎം നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു.
പരിശീലനത്തിനായി കത്ത് ലഭിച്ചാല്‍ ഉടന്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. ഏഷ്യയിലെതന്നെ പ്രാക്തന ഗോത്ര നിവാസികളില്‍ ഗുഹകളില്‍ താമസിച്ചുവന്നവരാണ് ചോലനായ്ക്കര്‍ വിഭാഗം. ഈ വിഭാഗത്തില്‍ നിന്ന് പ്ലസ്ടു പാസായിട്ടുള്ള വ്യക്തിയാണ് സുധീഷ്.
തെരഞ്ഞെടുപ്പില്‍ ജയിക്കാനായാല്‍ തങ്ങള്‍ക്ക് ചോദിക്കാനും പറയാനും ഒരാള്‍ ആവുമല്ലോ എന്നായിരുന്നു ആദിവാസി മൂപ്പന് നേരത്തെ പ്രതികരിച്ചിരുന്നത്. സുധീഷിന്റെ ജീവിത വിജയത്തില്‍ നിരവധി പേരാണ് ആശംസകള്‍ അറിയിച്ചത്.