തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ തര്‍ക്കഭൂമിയും വീടും ഉടമയ്ക്ക് വില കൊടുത്ത് ബോബി ചെമ്മണ്ണൂര്‍ വാങ്ങി. ഇത് ദമ്പതികളുടെ മക്കള്‍ക്ക് കൈമാറും. ഇന്ന് രാവിലെ എഗ്രിമെന്റ് എഴുതിക്കഴിഞ്ഞു.
വൈകുന്നേരം 5.30ന് ദമ്പതികള്‍ മരിച്ച വീട്ടില്‍ വച്ച് ബോബി ചെമ്മണ്ണൂര്‍ എഗ്രിമെന്റ് ദമ്പതികളുടെ മക്കള്‍ക്ക് ഉടന്‍ കൈമാറും. കൂടാതെ നിലവിലെ വീട് ഉടന്‍ പുതുക്കിപ്പണിയും. അതു വരെ കുട്ടികളുടെ പൂര്‍ണ സംരക്ഷണവും ബോബി ഏറ്റെടുക്കും.
‘അവരുടെ അച്ഛനും അമ്മയും ഉറങ്ങുന്ന ഭൂമി വിലയ്ക്ക് വാങ്ങി, ഇനി അത് അവര്‍ക്ക് സ്വന്തം.അതുവരെ ആ കുട്ടികള്‍ എന്റെ വീട്ടില്‍’ ബോബി പറയുന്നു. അയല്‍വാസിയുടെ പരാതിയില്‍ ഡിസംബര്‍ 22-ന് കുടുംബത്തെയും ഒഴിപ്പിക്കാനാണ് പൊലീസ് എത്തിയത്.
ഒഴിപ്പിക്കരുതെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു പോലീസിന്റെ നടപടി. ഒഴിപ്പിക്കാന്‍ വന്നവര്‍ അരമണിക്കൂര്‍ ക്ഷമിച്ചിരുന്നെങ്കില്‍ വിലപ്പെട്ട രണ്ടു ജീവനുകള്‍ രക്ഷിക്കാമായിരുന്നു, രണ്ടു കുട്ടികള്‍ അനാഥരാകില്ലായിരുന്നു.
വസ്തു ഒഴിപ്പിക്കാനുള്ള കോടതി ഉത്തരവുമായി പൊലീസും കമ്മീഷനും എത്തിയപ്പോള്‍ ഇവരെ പിന്തിരിപ്പിക്കാനായിരുന്നു ഭാര്യയെ ചേര്‍ത്ത് പിടിച്ച് രാജന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിച്ചത്. ഇതിനിടെ പൊലീസ് ലൈറ്റര്‍ തട്ടി തെറിപ്പിച്ചതോടെ ദേഹത്ത് തീ പടരുകയും രണ്ട് പേരും മരിക്കുകയുമായിരുന്നു.