വടക്കാഞ്ചേരി: പുതുവത്സര ദിനത്തില്‍ 500 രൂപയ്ക്ക് 500ഓട്ടോറിക്ഷകള്‍ക്ക് ഇന്ധനം സൗജന്യമായി നല്കി ഐശ്വര്യ സുരേഷ്. ജീവകാരുണ്യ പ്രവര്‍ത്തകനാണ് ഐശ്വര്യ സുരേഷ്. വടക്കാഞ്ചേരി, അത്താണി, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലെ 4 പെട്രോള്‍ പമ്പുകളില്‍ നിന്നാണ് ഇന്ന് സുരേഷിന്റെ ടോക്കനുമായി വരുന്ന 500 ഓട്ടോറിക്ഷകള്‍ക്ക് സൗജന്യമായി ഇന്ധനം ലഭിക്കുക.
രാഷ്ട്രീയത്തിന് അതീതമായി വിവിധ ഓട്ടോ തൊഴിലാളി സംഘടനകളുടെ സഹകരണത്തോടെയാണു ടോക്കന്‍ വിതരണം പൂര്‍ത്തിയാക്കിയതെന്ന് സുരേഷ് പറയുന്നു. കെട്ടിട നിര്‍മാണ കമ്പനി ഉടമയാവുന്നതിനു മുന്‍പ് ഓട്ടോറിക്ഷയും ടാക്സിയും ഓടിച്ച് ഉപജീവനം നടത്തിയിരുന്നതിന്റെ ഓര്‍മയ്ക്കാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് സുരേഷിന്റെ ഈ പുതുവത്സര സമ്മാനം നല്‍കുന്നത്.
പാര്‍ളിക്കാട് കണ്ടംപുള്ളി പരേതനായ വിശ്വംഭരന്റെ മകന് സുരേഷ് എന്ന ഐശ്വര്യ സുരേഷ് കഴിഞ്ഞ 10 വര്‍ഷത്തോളമായി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. ഇന്നു രാവിലെ 10ന് അത്താണി പെട്രോള്‍ പമ്പില്‍ ആദ്യ ഓട്ടോറിക്ഷയ്ക്ക് ഡീസല്‍ നല്കി സുരേഷിന്റെ സഹധര്‍മിണി ബിന സുരേഷ് സൗജന്യ ഇന്ധന വിതരണം ഉദ്ഘാടനം ചെയ്തു .