ഗുരുവായൂര്‍: കാലം മാറുന്നതിനനുസരിച്ചുള്ള നിരവധി മാറ്റങ്ങളാണ് നമുക്കിടയില്‍ സംഭവിക്കുന്നത്. ഇപ്പോള്‍ ഹൈടെക് കാലഘട്ടത്തിലൂടെയാണ് സഞ്ചാരം. ഈ പാതയിലാണ് ഇപ്പോള്‍ ഗുരുവായൂരിലെ മണികണ്ഠന്റെ ചായക്കടയും. ഇവിടെ ചായ കുടിച്ചാലും കടി എടുത്താലും കാശ് വേ, പകരം ഡിജിറ്റല്‍ പെയ്മെന്റ് മതി.
കടി കടിക്കാം. ബില്‍ എത്ര ചെറുതാണെങ്കിലും ഡിജിറ്റല്‍ പേയ്മെന്റും നടത്താം. തൃശൂര്‍ റോഡില്‍ തൈക്കാട് പള്ളി റോഡിനു സമീപമാണ് ഈ ഹൈടെക് ചായക്കട. മൊബൈല്‍ ഫോണില്‍ സ്കാന്‍ ചെയ്യുന്നതിനായി ക്യൂ ആര് കോഡ് കൂടി സജ്ജീകരിച്ചുണ്ട്.
പണം കയ്യില്‍ കൊടുക്കുന്നതിനെക്കാള്‍ മണികണ്ഠന് ഇഷ്ടം ഡിജിറ്റല്‍ പേയ്മെന്റ് ആണ്. കാരണം, ചെറിയൊരു തുക ഇന്‍സെന്റീവ് ലഭിക്കും. ചുറ്റും ചെടികളൊക്കെ വച്ചു പിടിപ്പിച്ച് വൃത്തിയും വെടിപ്പുമുള്ള പരിസ്ഥിതി സൗഹൃദം കൂടിയാക്കിയിട്ടുണ്ട് ഈ ഹൈടെക് ചായക്കട.
പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ മണികണ്ഠന് 15 കൊല്ലം മുന്‍പാണ് ഗുരുവായൂരിലെത്തിയത്. ഹോട്ടലില്‍ രുചിയുള്ള സസ്യഭക്ഷണം ഉണ്ടാക്കുന്ന പാചകക്കാരനായി. തൈക്കാട് പാലബസാറില് ചെറിയൊരു ഹോട്ടല്‍ തുടങ്ങി. എന്നാല്‍ അത് ലാഭകരമായിരുന്നില്ല. ശേഷം, തെരുവോരത്ത് കച്ചവടം തുടങ്ങി. കോവിഡ് കാലത്ത് ഏറെക്കാലം കടയടച്ചിട്ടു. കടം പെരുകി.
തെരുവു കച്ചവടക്കാര്‍ക്കുള്ള പ്രധാനമന്ത്രിയുടെ പിഎംഎസ്വിഎ നിധി പദ്ധതിയനുസരിച്ച് ഒന്നര മാസം മുന്‍പ് 10,000 രൂപ ലോണ്‍ എടുത്തു. വീണ്ടും കച്ചവടം തുടങ്ങി. ഈ പദ്ധതിയുടെ ഭാഗമാണ് ഡിജിറ്റല്‍ പേമെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.