തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍കെജി മുതല്‍ പ്ലസ് ടുവരെയുള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ പഠനം ഇംഗ്ലീഷ് മീഡിയത്തിലാക്കണമെന്ന് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഇലയ്യ പറഞ്ഞു.
പണക്കാരുടെയും ഉന്നതരുടെയും മക്കള്‍ പഠിക്കുന്ന സ്വകാര്യ മേഖലയിലുള്ള സ്കൂളുകളില്‍ പഠന മാധ്യമം ഇംഗ്ലീഷായിരിക്കുമ്പോള് സാധാരണക്കാരുടെയും ദളിതരുടെയും മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളില്‍ മാതൃഭാഷയാണ് മാധ്യമം. അധികാരസ്ഥാനങ്ങളിലേക്കുയരാന് അവര്‍ക്ക് തടസം നില്‍ക്കുന്നത് ഇംഗ്ലീഷിലുള്ള പിന്നാക്കാവസ്ഥയാണെന്നും അല്ലെങ്കില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പകുതി വിഷയമെങ്കിലും മലയാളത്തിലേ പഠിപ്പിക്കാവൂ എന്ന് സര്‍ക്കാര്‍ നിബന്ധന വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ ‘ഫെസ്റ്റിവല്‍ ഓണ്‍ ഡമോക്രസി’യുടെ ഭാഗമായുള്ള പിന്നാക്ക വിഭാഗക്കാരുടെ ശാക്തീകരണത്തെക്കുറിച്ചുള്ള സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവരണം ഒഴിവാക്കാനാണ് വ്യവസായികള്‍ അതില്ലാത്ത സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങുന്നത്. ഇംഗ്ലീഷ് ചാനലുകളില്‍ എപ്പോഴും പ്രത്യക്ഷപ്പെടുകയും തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന നേതാക്കള്‍ക്ക് അധികാരത്തിലെത്താനുള്ള കുറുക്കുവഴിയായി രാജ്യസഭ മാറുകയാണ്. കേരളത്തിലെ പട്ടികജാതിക്കാര്‍ നേരിടുന്ന ഭൂമി പ്രശ്നവും പാര്‍പ്പിട പ്രശ്നവും പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികളെടുക്കണമെന്നും കാഞ്ച ഇലയ്യ ആവശ്യപ്പെട്ടു.