ചങ്ങനാശേരി: കേരളം നാടിനു മാതൃകയാണ്, കേരളത്തിന്റെ മതേതര മനസുകൊണ്ടാണ് കേരളത്തില്‍ ആര്‍എസ്എസിന് വളരാന്‍ കഴിയാത്തതെന്ന് സ്വാമി അഗ്നിവേശ്. ജനാരോഗ്യ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നാല് ദിവസം നീണ്ടു നില്ക്കുന്ന മൗന ഉപവാസത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീബുദ്ധന്റെയും ഗാന്ധിജിയുടെയും പാതവിട്ട് അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് രാജ്യത്തെ നയിക്കുന്ന ഭരണകൂടത്തിന്റെ കീഴിലാണ് നാം ജീവിക്കുന്നതെന്നും സ്വാതന്ത്ര്യ സമരത്തില്‍ ഒരു ദിവസം പോലും പങ്കെടുക്കാത്തവര്‍ ദേശീയതയുടെ വക്താക്കളാകുന്ന കാപട്യത്തിന്റെ നടുവിലാണ് ജനങ്ങളെന്നും അഗ്നിവേശ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരും പോലീസും തനിക്ക് സുരക്ഷയെരുക്കി. വടക്കേ ഇന്ത്യന്‍ സംസ്ഥാനത്തെ ബിജെപി ഭരണം പൂര്‍ണ പരാജയമാണ്. ചത്തീസ്ഗഢില്‍ സംഘപരിവാര്‍ ശക്തികള്‍ തന്നെ വേട്ടയാടി. കേരളത്തില്‍ ഇനിയും വരും. ഇവിടെയെത്തിയപ്പോഴാണ് പ്രത്യേക സുരക്ഷ തനിക്ക് ആവശ്യമില്ലെന്ന് തോന്നിയത്. ബിജെപിയും മോഡിയും ഇന്ത്യയെ നശിപ്പിക്കുകയാണന്നും സ്വാമി പറഞ്ഞു.
കീടനാശിനികള്‍ നിരോധിക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുക, കേരളത്തെ ജൈവ സംസ്ഥാനമായി പ്രഖ്യാപിക്കുക, മതസൗഹാര്‍ദം നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനാരോഗ്യ പ്രസ്ഥാനം മൗന ഉപവാസം സംഘടിപ്പിച്ചത്.