കോഴിക്കോട്: വീര്യം കൂടിയ 45 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കുന്നമംഗലം പതിമംഗലം പാലക്കല്‍ നിസാമിനെ (33) ആണ് മെഡിക്കല്‍ കോളേജ് പോലീസ് ഇന്‍സ്പെക്ടര്‍ ദാസന്റെ നേതൃത്വത്തിലുള്ള പോലീസും ജില്ലാ ആന്റി നര്‍കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും (ഡന്‍സാഫ്) ചേര്‍ന്ന് പിടികൂടിയത്.
വിപണിയില്‍ 30 ലക്ഷത്തോളം രൂപ വില വരുന്ന വീര്യം കൂടിയ മൈസൂരു മാംഗോ ഇനത്തില്‍പെട്ട 45 കിലോയോളം കഞ്ചാവ് ആണ് ഇയാളുടെ പക്കല്‍ നിന്ന് പിടികൂടിയത്. ആഡംബര വാഹനത്തില്‍ കഞ്ചാവുമായി പോകവേ തൊണ്ടയാട് വെച്ചാണ് ഇയാള്‍ പിടിയിലായത്.
മൈസൂരു മാംഗോ ഇനത്തില്‍പ്പെട്ട കഞ്ചാവിനു വീര്യവും വിലയും കൂടുതലാണെന്നാണ് നര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഇ സുനില്‍ കുമാര്‍ പറഞ്ഞത്. പുതുവര്‍ഷം ലഹരിമുക്തമാക്കാനുള്ള സിറ്റി പോലീസ് മേധാവി എവി ജോര്‍ജിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് നഗരത്തില്‍ ഡന്‍സാഫ് പരിശോധന ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് മഹാരാഷ്ട്രയില്‍ നിന്ന് ഒരാള്‍ കഞ്ചാവുമായി കോഴിക്കോട്ടേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരം നര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡന്‍സാഫ് നിരീക്ഷണം നടത്തവേ നിസാമിനെക്കുറിച്ച് അറിഞ്ഞു. തുടര്‍ന്നു നീക്കങ്ങള്‍ വീക്ഷിച്ചു പിടികൂടുകയായിരുന്നു. കൊവിഡ് പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ നിസാമിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.