കൊടുവള്ളി: കൊടുവള്ളിയില്‍ വന്‍ ലഹരി മരുന്ന് വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച പത്ത് ലക്ഷം രൂപയുടെ ലഹരിമരുന്നുകളാണ് അധികൃതര്‍ പിടികൂടിയത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശികളായ രണ്ട് പേര് പിടിയിലായി. ഉപ്പള പൈവളിഗ ചീപ്പാറ കൂടല്‍ വീട്ടില്‍ അബ്ദുല്‍ മുനീര്‍ (31), ഉപ്പള സുംഗതകട്ട മന്‍സൂര്‍ റഹ്മാന് (30) എന്നിവര്‍ പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്ന് ആറ് കിലോ കഞ്ചാവും അരക്കിലോ ഹഷീഷ് ഓയിലുമായാണ് പിടികൂടിയത്. നരിക്കുനി-കുമാരസ്വാമി റോഡ് ജംക്ഷനില്‍ വെച്ച് കഞ്ചാവ് കൈമാറുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഒരാഴ്ചയായി നടന്നുവരുന്ന ലഹരിവിരുദ്ധ സ്പെഷല്‍ ഡ്രൈവിലാണ് ഇരുവരും പിടിയിലായത്.
റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് താമരശ്ശേരി ഡിവൈഎസ്പി ഡികെ പൃഥ്വിരാജ്, നാര്‍കോടിക്സ് സെല്‍ ഡിവൈഎസ്പി അശ്വ കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ക്രൈംസ്ക്വാഡ് നടത്തിയ നീക്കത്തിലാണ് സംഘം പിടിയിലായത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.