പൊള്ളാച്ചി: വില്പനയ്ക്കു വച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന ആനക്കൊമ്പ് വനം വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. ആളിയാര്‍ റോഡ് നാമു – ചുങ്കത്തിലെ കടയില്‍ വില്‍പ്പനയ്ക്ക് വെച്ച ആനക്കൊമ്പാണ് അധികൃതര്‍ പിടികൂടിയത്. സംഭവത്തില്‍ ആറു പേര് അറസ്റ്റിലായി.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നായാട്ട് വിരുദ്ധ സ്ക്വാഡ് അംഗം അങ്കല കുറിച്ചി സ്വദേശി ആര്. സാമിയപ്പനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. താല്‍ക്കാലിക ജീവനക്കാരായ കാത്തവരായന് (40), നന്ദകുമാര്‍ (39), സാരഥി (63) എന്നിവരെ ജോലിയില്‍ നിന്നു പിരിച്ചുവിടുകയും ചെയ്തു.
ആനക്കൊമ്പ് വില്ക്കാന് ഇടനിലക്കാരനായ സിക്കന്ദര്‍ ബാഷ (37), കൊമ്പു വില്പനയ്ക്കു വച്ച ഷോപ്പ് ഉടമ മണികണ്ഠന് (38) എന്നിവര്‍ക്കെതിരെ കേസെടുത്തു. മണികണ്ഠന്റെ കടയില്‍ വില്പനയ്ക്കു വച്ചതായി വനം വകുപ്പ് അധികൃതര്‍ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് കണ്ടെത്തിയത്.
രണ്ടു മാസം മുന്‍പ് ആളിയാര്‍ വെട്ടിക്കാരന് പാളയം വനത്തില്‍ ചരിഞ്ഞ ആനയുടെ കൊമ്പ് സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സാമിയപ്പനും സംഘവും വനംവകുപ്പിനെ അറിയിക്കാതെ മുറിച്ചുമാറ്റി ഇടനിലക്കാരനായസിക്കന്ദര് ബാഷയെ വില്ക്കാന് ഏല്‍പ്പിച്ചു. തുടര്‍ന്ന് മണികണ്ഠന്റെ കടയില്‍ രഹസ്യമായി വില്‍പ്പനയ്ക്കു വെച്ചപ്പോഴാണു സംഘം പിടിയിലായത്.