ശ്രീകണ്ഠപുരം: നിടുവാലൂര്‍ കുന്നുമ്മല്‍ വീട്ടിലെ മൂന്നു പെണ്മക്കളും ഇനി ജനപ്രതിനിധികളാണ്. പരേതനായ കെവി പത്മനാഭന്റെയും, കാര്‍ത്യായനിയുടെയും 5 പെണ്മക്കളില് 3 പേരാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയകൊടി പാറിച്ചത്. രണ്ട് പേര് സിപിഎമ്മും ഒരാള്‍ കോണ്‍ഗ്രസുമാണ്. മൂന്ന് പേരും വിജയിച്ചതിന്റെ സന്തോഷത്തിലാണ് കുടുംബവും.
44 കാരിയായ ആര്.മിനി പടിയൂര്‍ പഞ്ചായത്തിലെ 2ാം വാര്‍ഡില്‍ നിന്നാണ് സിപിഎം സ്ഥാനാര്‍ഥിയായി വിജയിച്ചത്. 41 കാരിയായ സുനിജ ബാലകൃഷ്ണന് ചപ്പാരപ്പടവ് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 11ാം വാര്‍ഡായ പടപ്പേങ്ങാട് നിന്നാണ്. നേരത്തെ ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റായിരുന്നു സുനിജ ബാലകൃഷ്ണന്. 36 കാരിയായ ഷംന ജയരാജ് വിജയിച്ചത് ശ്രീകണ്ഠപുരം നഗരസഭയിലെ ചേപ്പറമ്പ് കാനപ്രം വാര്‍ഡില്‍ നിന്ന് സിപിഎം പ്രതിനിധിയായാണ്.
മൂന്നു പേരും വിവാഹം കഴിച്ചു കൊണ്ടു പോയ സ്ഥലത്ത് നിന്നാണ് മത്സരിച്ചത്. പിതാവ് പരേതനായ പത്മനാഭനും, അമ്മ കാര്‍ത്യായനിയും സിപിഎമ്മുകാരാണ്. ചപ്പാരപ്പടവ് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുനിജ മാത്രമാണ് കോണ്‍ഗ്രസുകാരി. ബാക്കി രണ്ട് പേരില്‍ ഒരാള്‍ ജയശ്രീ വടകര ജില്ല ആശുപത്രിയില്‍ നഴ്സാണ്. ഷിനി വീട്ടമ്മയാണ്.