കണ്ണൂര്‍: തലച്ചോറിലെ രക്തസ്രാവം സംഭവിച്ചതിനെ തുടര്‍ന്ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ച കണ്ണൂര്‍ പാലയാട് ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപിക സംഗീത കെപിയിലൂടെ പുതുജീവന്‍ ലഭിച്ചത് മൂന്ന് പേര്‍ക്ക്. കഴിഞ്ഞ ദിവസം രാത്രി ശക്തമായ തലവേദന ഉണ്ടായതിനെ തുടര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഗീത ടീച്ചറെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്നാണ് അടുത്ത ദിവസം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ ആരോഗ്യനില മോശമാവുകയും, ബുധനാഴ്ച വൈകീട്ടോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയുമായിരുന്നു. സാമൂഹികമായ ഇടപെടലുകളില്‍ സജീവമായിരുന്ന സംഗീത ടീച്ചര്‍ നേരത്തെ തന്നെ മരണാനന്തര അവയവദാനത്തിനുള്ള താല്പര്യം സഹപ്രവര്‍ത്തകരോടും കുടുംബത്തോടും അറിയിച്ചിരുന്നു.
അവയവദാനത്തിനുള്ള സാധ്യതകളെക്കുറിച്ച് ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാര്‍ കുടുംബത്തോട് സംസാരിക്കുകയും തുടര്‍ന്ന് കുടുംബം അവയവദാനത്തിന് സമ്മതം മൂളുകയുമായിരുന്നു. രാത്രിയോടെ തന്നെ ആശുപത്രി അധികൃതര്‍ സര്‍ക്കാരുമായി ബന്ധപ്പെടുകയും, ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ ഉള്‍പ്പെടെയുള്ള ഇടപെടലുകളോടെ രാത്രി തന്നെ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടാക്കി.
മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന അവയവങ്ങള്‍ സ്വീകരിക്കാന്‍ അനുയോജ്യരായവരെ കണ്ടെത്തി രാത്രി തന്നെ ശസ്ത്രക്രിയ ആരംഭിച്ചു. രാത്രി 10 മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ രാവിലെ 10 മണിയോടെയാണ് പൂര്‍ത്തിയായത്. മരണത്തിലും മാതൃകയായാണ് സംഗീത ടീച്ചറുടെ മടക്കം. സംഗീത ടീച്ചറുടെ ഭര്‍ത്താവ് ഷാജേഷ് പ്രവാസിയാണ്.