താമരശ്ശേരി: വനം വകുപ്പ് ഓഫീസിന് മുമ്പില്‍ ഒറ്റയാള്‍ സമരവുമായി കര്ഷകന്. കൂടരഞ്ഞി പഞ്ചായത്തിലെ കല്‍പ്പിനി മുള്ളനാനിക്കല്‍ എംഎ ജോസഫാണ് സമരം ചെയ്യുന്നത്. കാട്ടുപന്നി ശല്യത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
കൃഷിക്കും കര്‍ഷകര്‍ക്കും ഭീഷണിയായ കാട്ടുപന്നിയെ ക്ഷുദ്ര ജീവി പട്ടികയില്‍ ഉള്‍പ്പെടുത്തുക, കൂടരഞ്ഞി പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവയ്ക്കാന്‍ ലൈസന്‍സുള്ള കര്‍ഷകര്‍ക്ക് അനുവാദം നല്‍കുക, വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നിയെ മണ്ണെണ്ണ ഒഴിച്ചു കുഴിച്ചു മൂടാതെ മൃഗ സംരക്ഷണ വകുപ്പ് പരിശോധന നടത്തി വനം വകുപ്പിനു വരുമാനം ലഭിക്കുന്ന വിധത്തില്‍ ലേലം ചെയ്തു കൊടുക്കുക എന്നീ ആവശ്യങ്ങളോടൊപ്പം ഡല്‍ഹിയിലെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൂടിയാണ് ജോസഫിന്റെ സമരം.
നാല് വര്‍ഷം മുമ്പ് കര്‍ഷകരില്‍ നിന്നും സംഭരിച്ച തേങ്ങയുടെ വില ലഭിക്കാത്തിന്റെ പേരില്‍ കൂടരഞ്ഞി കൃഷി ഭവന് മുന്നില്‍ 8 ദിവസം സമരം നടത്തിയിരുന്നു ജോസഫ്. കുടിശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായ ശേഷമാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്. രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് നടത്തുന്നത്. വിവിധ കര്‍ഷക സംഘടനകള്‍ ഇതിനോടകം ജോസഫിനു പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.