തിരുവില്വാമല; പഞ്ചായത്ത് 2ാം വാര്‍ഡ് യുഡിഎഫ് അംഗം ഗിരിജ സത്യപ്രതിജ്ഞയ്ക്ക് എത്തിയത് നെഞ്ചുപൊട്ടുന്ന വേദനയില്‍. സര്‍വ്വ സങ്കടം ഉള്ളിലൊതുക്കി സത്യപ്രതിജ്ഞ ചെയ്ത ഗിരിജയുടെ മുഖം കണ്ണീര് കാഴ്ചയ്ക്ക് ഇടവരുത്തി.
ഭര്‍ത്താവ് രത്നകുമാറിന്റെ സംസ്കാരം ഇന്നലെ വൈകിട്ടായിരുന്നു. ഞായറാഴ്ച മരിച്ച രത്നകുമാറിന്റെ മൃതദേഹം ഉച്ചയ്ക്കു രണ്ടരയോടെയാണു തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നു വീട്ടിലെത്തിച്ചത്. 3 മണിക്കായിരുന്നു സംസ്കാരം. അതിനു മുന്‍പ്, രാവിലെ പത്തരയ്ക്കായിരുന്നു സത്യപ്രതിജ്ഞ. ഭര്‍ത്താവിന്റെ വിയോഗം ഉള്ളില്‍ വിങ്ങലായി നില്‍ക്കെയാണ് ഗിരിജ തന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്.
17 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യുഡിഎഫും ബിജെപിയും 6 വീതം സീറ്റുകളും എല്‍ഡിഎഫ് 5 സീറ്റുകളുമാണു നേടിയത്. ഗിരിജ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു കഴിയും വരെ കാത്തിരിക്കേണ്ടി വരുമായിരുന്നു. അത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായേക്കും എന്ന സാധ്യത ഒഴിവാക്കാനാണ് നേതാക്കള്‍ ഗിരിജയെ മരണവീട്ടില്‍ നിന്നു സത്യപ്രതിജ്ഞാ ചടങ്ങിനെത്തിച്ചത്.