കോടഞ്ചേരി: ചാലിപ്പുഴയിലെ അശാസ്ത്രീയമായ പാറ പൊട്ടിക്കലും മണ്ണുനീക്കവും കാരണം
സമീപ പ്രദേശത്തെ കിണറുകളില്‍ വേനല്‍ എത്തും മുമ്പേ വെള്ളം താഴ്ന്നതിനെ തുടര്‍ന്ന് ചാലിപ്പുഴയിലെ മണ്ണുനീക്കല്‍ നാട്ടുകാര്‍ തടഞ്ഞു. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ നിര്‍മ്മാണം തടഞ്ഞത്.
മണ്ണു നീക്കുന്നതിന് പകരം പുഴയോരത്ത് വെള്ളം കയറുന്ന വീടുകളുള്ള ഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ചെമ്പുകടവ് ബണ്ടിനു സമീപം മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടാവുന്നത് തടയാനാണ് ദുരന്തനിവാരണ വകുപ്പ് പാറ പൊട്ടിച്ചുനീക്കാന്‍ തീരുമാനിച്ചത്. ചിറയ്ക്ക് ഉയരം കുറവായതിനാലാണ് ഈ പ്രദേശത്ത് വെള്ളക്കെട്ടുണ്ടാവാറുള്ളത്. ഇതിനു പരിഹാരമായാണ് പുഴയിലെ വലിയ പാറക്കല്ലുകള്‍ പൊട്ടിച്ചുനീക്കാന്‍ തീരുമാനിച്ചത്. ഏകദേശം അരക്കിലോമീറ്ററോളം ദൂരത്തിലാണ് പാറ പൊട്ടിച്ചുനീക്കുന്നത്.
എന്നാല്‍ പുഴയിലെ പാറ പൊട്ടിക്കുന്നതിന് ജിയോളജി വകുപ്പിന്റെ അനുമതിയും തേടിയിട്ടില്ലെന്നും പദ്ധതി സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തിയിട്ടില്ല എന്നുമാണ് റിപ്പോര്‍ട്ട്. പൊട്ടിച്ച പാറകള്‍ പുഴയുടെ വശങ്ങളില് കൂട്ടിയിടുകയാണ് ചെയ്യുന്നത്.
പ്രദേശത്ത് പുഴയില്‍ പാറക്കെട്ടുകളുള്ളതിനാല് വെള്ളം ഒഴുകിപ്പോവാതെ ഇവിടെ ചെറിയ ചെറിയ കയങ്ങള്‍ രൂപപ്പെട്ടിരുന്നു. ഒറ്റയടിക്ക് ജലം ഒഴുകിപ്പോവാത്തതിനാല്‍ പ്രദേശത്തെ കിണറുകളിലും ജലലഭ്യത ഉറപ്പായിരുന്നു. എന്നാല്‍ പാറപൊട്ടിച്ച് ഒഴുക്കു നേരെയാക്കിയതോടെ മിക്ക കിണറുകളിലെയും വെള്ളം താഴ്ന്നു. പാറ നീക്കിയതിനെ തുടര്‍ന്ന് പുഴയിലെ ഒഴുക്കിന്റെ ഗതിമാറിയതോടെയാണ് പല വീടുകളിലെയും കിണറിലെ വെള്ളം വറ്റി തുടങ്ങിയത്.