കോയമ്പത്തൂർ: മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഷാനവാസ് നരണിപ്പുഴ ഹൃദയാഘാതത്തെ തുടർന്ന് അതീവഗുരുതരാവസ്ഥയിൽ. ഷാനവാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോയമ്പത്തൂർ കെജി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്. ഷാനവാസ് അപകടനില തരണം ചെയ്തിട്ടില്ലെന്നും 72 മണിക്കൂർ നേരത്തേ നിരീക്ഷണം വേണമെന്നുമാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയാണ് സംവിധായകനും തിരക്കഥാകൃത്തുമായ ഷാനവാസ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പുതിയ സിനിമയുടെ എഴുത്തിന്റെ തിരക്കുകളിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ ഒടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. അതിഥി റാവു ഹൈദരി, കലാരഞ്ജിനി, ദേവ് മോഹൻ, സിദ്ധിഖ് എന്നിവരായിരുന്നു മറ്റ് താരങ്ങൾ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവായിരുന്നു നിർമ്മാണം.