ചക്കിട്ടപാറ: ചന്ദനത്തടി മുറിച്ചുകടത്താന്‍ ശ്രമിച്ച സംഘത്തെ കൈയ്യോടെ പിടികൂടി വനംവകുപ്പ്. കൊയിലാണ്ടി കുറുവങ്ങാട് ജുമാമസ്ജിദ് കോമ്പൗണ്ടില്‍ നിന്നും ചന്ദനത്തടി മുറിച്ചു കടത്താന്‍ ശ്രമിച്ച സംഘത്തെയാണ് പെരുവണ്ണാമൂഴി ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ ഷാജീവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ അഖില്‍ നാരായണന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ അമ്പനാടത്ത് സുബൈര്‍, അമ്പനാടത്ത് അബ്ദുറഹ്മാന് എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ പക്കല്‍ നിന്ന് 134 കിലോഗ്രാം ചന്ദനത്തടി, ആയുധങ്ങള്‍ എന്നിവ പിടിച്ചെടുത്തു.
പിടിയിലായ പ്രതികള്‍ സ്ഥിരമായി ചന്ദനക്കടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചത്. പ്രതികളെ പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ കെടി ലത്തീഫ്, പി ബാബു, എംകെ പത്മനാഭന്, ബിഎഫ്ഒമാരായ ടിവി ബിനേഷ്കുമാര്‍, എം ദേവാനന്ദന്, ഡ്രൈവര്‍ സി പ്രശാന്ത്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.