കരിവെള്ളൂര്‍: നടന്ന് സ്വര്‍ണ്ണ മെഡല്‍ നേടിയ 10-ാക്ലാസുകാരന് മുത്തുരാജ് ഇപ്പോള്‍ നടക്കുകയാണ്, അന്നന്നത്തെ അന്നത്തിനായി കത്തി രാകി കൊണ്ട്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ ദക്ഷിണേന്ത്യന്‍ സ്കൂള്‍ കായികമേളയിലാണ്, 5000 മീറ്റര്‍ നടത്ത മത്സരത്തില്‍ മുത്തുരാജ് സ്വര്‍ണ്ണമെഡല്‍ നേടിയത്.
നടത്ത മത്സരത്തില്‍ ഒട്ടേറെ മെഡല്‍ നേടിയിട്ടുള്ള ഈ വിദ്യാര്‍ത്ഥി ഉപജീവനത്തിനായി വീടുകള്‍ കയറിയിറങ്ങുകയാണിപ്പോള്‍. വീട്ടുപകരണങ്ങള്‍ക്കു മൂര്‍ച്ച കൂട്ടി നല്കി അതില്‍ നിന്നു ലഭിക്കുന്ന ചെറിയ തുകയാണു കുടുംബത്തിനുള്ള ഏക ആശ്വാസം. എളയാവൂര് സിഎച്ച്എംഎച്ച് സ്പോര്‍ട്സ് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് മുത്തുരാജ്. പ്രാന്തംചാലിലെ എന്‍ ശേഖരന് വള്ളിയമ്മ ദമ്പതികളുടെ നാലാമത്തെ മകനാണ് മുത്തുരാജ്.
കണ്ണൂരില്‍ നടന്ന സംസ്ഥാന കായിക മേളയില്‍ 5000 മീറ്റര്‍ നടത്ത മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിരുന്നു. ദക്ഷിണേന്ത്യന്‍ സ്കൂള്‍ കായികമേളയില്‍ സ്വര്‍ണ മെഡലും. അമ്മ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലാണ്. പഴയ സാമഗ്രികള്‍ ശേഖരിച്ചു വില്പന നടത്തുന്ന തൊഴിലാണ് അച്ഛന് ശേഖരന്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയായതോടെ തന്നാലാകും വിധം കുടുംബത്തെ സഹായിക്കാനായി മുത്തുരാജും ജോലിക്കായി ഇറങ്ങുകയായിരുന്നു.