ഓയൂര്‍; ഓടനാവട്ടം തുറവൂരില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട് കയറി ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വെളിയം ഗ്രാമ പഞ്ചായത്തിലെ ചെപ്ര വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും തുറവൂര്‍, മാക്കോട് സുരേഷ് ഭവനില്‍ സുരേഷ്കുമാറിന്റെ ഭാര്യ സുമയുടെ വീടിനു നേരെ ആയിരുന്നു ആക്രമണം നടന്നത്. അക്രമത്തില്‍ സുരേഷ് കുമാറിനും ഭാര്യയ്ക്കും പരിക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് ഓടനാവട്ടം തുറവൂര്‍, അരുണ്‍ ഭവനില്‍ അനീഷി(27)നെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ബുധന്‍ രാത്രി 9.30നായിരുന്നു സംഭവം. അനീഷ് ഇയാളുടെ സഹോദരന് അജിത് ,സജിത്, ശരത് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ സുമയുടെ വീട്ടുപടിക്കലെത്തി മുദ്രാവാക്യം മുഴക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്.
അനീഷും സംഘവും സുരേഷിന്റെ വീട്ടിലേക്ക് കടന്നു കയറി സുരേഷിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ബഹളം കേട്ട് ഓടിക്കൂടിയ അയല്‍വാസികളെത്തിയാണ് അക്രമികളെ പിടിച്ചു മാറ്റിയത്. പിന്‍വാങ്ങുന്ന സമയം ആയുധം കാട്ടി വധഭീഷണി മുഴക്കിയതായും ആരോപണമുണ്ട്.