വടക്കാഞ്ചേരി: മങ്കരയുടെ ജനകീയനായ കെഎ വിജേഷ് മുച്ചക്രത്തില്‍ നഗരസഭയിലേയ്ക്ക്. കന്നി അങ്കത്തിലാണ് കെഎ വിജേഷ് വിജയകൊടി പാറിച്ചത്. 18-ാം വയസ്സില്‍ സൈക്കിളില്‍ പോകുന്നതിനിടെ സംഭവിച്ച അപകടത്തെത്തുടര്‍ന്ന് ദീര്‍ഘനാള്‍ വിജേഷ് കിടപ്പിലായി. വലതുകാല്‍ മുട്ടിനു മുകളില്‍വെച്ച് മുറിച്ചുമാറ്റേണ്ട സ്ഥിതിയായി.
പിന്നീട്, വിജേഷിന് എല്ലായിടത്തും ഓടിയെത്താന്‍ മുച്ചക്ര വാഹനവും നടക്കാന്‍ സ്ട്രച്ചറുകളും മാത്രമായിരുന്നു കൂട്ട്. നാടന്‍പാട്ടിലും തബല വാദനത്തിലും മികവു തെളിയിച്ച ഈ കലാകാരന് കോവിഡ് ദ്രുതകര്‍മ സേനാംഗവുമാണ്. കാക്കിനിക്കാട് ഗവ. ട്രൈബല്‍ സ്കൂള്‍ പിടിഎ പ്രസിഡന്റായ വിജേഷ്, മുന്‍ പിടിഎ പ്രസിഡന്റുമാരെപ്പോലെ ജനപ്രതിനിധിയായി മാറുകയായിരുന്നു.
ഗവ. ട്രൈബല്‍ സ്കൂളിലെ പിടിഎ പ്രസിഡന്റുമാരായിരുന്ന വിജി സുരേഷും പവിത്രനുമെല്ലാം പിന്നീട് ജനപ്രതിനിധികളായി മാറിയിരുന്നു. ലോട്ടറി ടിക്കറ്റ് വില്പനയും വെളിച്ചെണ്ണ, സോപ്പുപൊടി എന്നിവയുടെ വിപണനവുമാണ് സിപിഎം പ്രവര്‍ത്തകനായ വിജേഷിന്റെ വരുമാന മാര്‍ഗം. ഇനി ജനസേവനത്തിനുമായി ഇറങ്ങുകയാണ് വിജേഷ്.