ചെറുപുഴ: വീട്ടമ്മയെ കുത്തിക്കൊന്ന കേസിലെ പ്രതിയും പ്രതിയുടെ കാമുകിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാമുകി മരിച്ചു. പ്രതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോസ്ഗിരി പൊട്ടക്കല്‍ റാഹേല്‍ (72)നെ കുത്തിക്കൊലപ്പെടുത്തുകയും, ഭര്‍ത്താവ് പൗലോസ് (78), മകന് ഡേവിഡ് (47) എന്നിവരെ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതി പൊട്ടക്കല്‍ ബിനോയിയും കാമുകിയായ പതാപറമ്പില്‍ നീതു പി ബേബി (29)യുമാണ് സ്വന്തം വീടിനു സമീപത്തെ മരത്തില്‍ തൂങ്ങിയത്.
തങ്ങള്‍ തൂങ്ങി മരിക്കുകയാണെന്നു നീതു പലരെയും വിളിച്ചു പറഞ്ഞിരുന്നു. വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നു ടവര്‍ ലൊക്കേഷന്‍ എടുത്തു നാട്ടുകാരും പോലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തി. നീതുവിന്റെ വീടിനു സമീപം ഇരുവരേയും തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു ചെറുപുഴ പോലീസ് ആശുപത്രിയില്‍ എത്തിച്ചു. നീതു സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. പരുക്കേറ്റ ബിനോയി അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണു റാഹേലിനെ കുത്തിക്കൊലപ്പെടുത്തിയത്. പൗലോസിന്റെ സഹോദരപുത്രനാണു പ്രതി ബിനോയി. സ്വന്തം സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണു ബിനോയി. ഈ കേസില്‍ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് അക്രമം നടത്തിയതെന്നാണ് വിവരം.