തൃശൂര്‍: പാതി തുറന്ന ലിഫ്റ്റിന്റെ വാതിലിലൂടെ കയറാന്‍ ശ്രമം നടത്തവെ ഏഴാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണ 42കാരന് ഗുരുതര പരിക്ക്. കിഴക്കേക്കോട്ട കീരംകുളങ്ങര ഗായത്രി അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി അശോകനാണ് പരിക്കേറ്റത്. ബോബി ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സിലെ ജീവനക്കാരനാണ് അശോകന്.
രാവിലെ 8.30നാണു സംഭവം. എട്ടാംനിലയില്‍ താമസിക്കുന്ന അശോകന് ഇറങ്ങുമ്പോള്‍ ഏഴാം നില കഴിഞ്ഞപ്പോഴാണു ലിഫ്റ്റ് കേടായത്. 7,6 നിലകള്ക്കിടയിലായി നിന്ന ലിഫ്റ്റിന്റെ വാതില്‍ പുറത്തുനിന്നു സഹതാമസക്കാര്‍ താക്കോലിട്ടു തുറന്നു കൊടുത്തു. പാതി തുറന്ന ഈ വാതിലിലൂടെ ഏഴാം നിലയിലേക്കു പിടിച്ചു കയറുന്നതിനിടെ എങ്ങനെയോ കാല്‍വഴുതി ലിഫ്റ്റിനും ഭിത്തിക്കുമിടയിലെ വിടവിലൂടെ താഴേക്കു വീഴുകയായിരുന്നു.
സഹായിക്കാന്‍ എത്തിയിരുന്നവര്‍ ഉടന്‍തന്നെ ഏറ്റവും താഴത്തെ നിലയിലെത്തി ലിഫ്റ്റ് വാതില്‍ തുറന്നു. ഈ തറനിരപ്പില്‍ നിന്നു വീണ്ടും എട്ടടിയോളം താഴ്ചയുള്ള ലിഫ്റ്റ് വെല്ലിന് ഉള്ളില്‍ വീണു കിടക്കുന്ന നിലയിലാണ് കണ്ടത്. ആദ്യം ആറര നില താഴ്ചയിലേക്കും പിന്നെ എട്ടടിയോളം ആഴത്തിലേക്കുമാണ് അശോകന് പതിച്ചത്.
കോണി വെച്ച് ഇറങ്ങി അശോകനെ കയറാന്‍ സഹായിച്ചെങ്കിലും വിജയിച്ചില്ല. ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ ലിഫ്റ്റ് വെല്ലില്‍ ഇറങ്ങി ഏറെ പണിപ്പെട്ട് പുറത്തെടുക്കുകയായിരുന്നു. അശോകന്റെ തലയ്ക്കുള്ളിലും വാരിയെല്ലിലും പൊട്ടലുണ്ട്. ഇടുപ്പെല്ലും തകര്‍ന്ന നിലയിലാണ്.