പാലക്കാട്: സംസ്ഥാനത്ത് മഴ കനത്തതോടെ നിറഞ്ഞു തുളുമ്പിയ മലമ്പുഴ അണക്കെട്ട് തുറന്നതു കാണാന്‍ വന്‍ ജനപ്രവാഹം. തമിഴ്നാട്ടില്‍ നിന്നും കേരളത്തിന്റ പല ഭാഗങ്ങളില്‍ നിന്നുമാണ് ഇവിടേയ്ക്ക് ജനം എത്തുന്നത്. ജനങ്ങളുടെ തിക്കും തിരക്കും കാരണം മണിക്കൂറുകളോളം ഗതാഗത തടതസം അനുഭവപ്പെട്ടു. ഡാം തുറന്നതിനുശേഷം ആദ്യത്തെ ഞായറാഴ്ച മലമ്പുഴ ഉദ്യാനത്തില്‍ ലഭിച്ചത് 8,58,055 രൂപയുടെ റെക്കോര്‍ഡ് വരുമാനമാണ്.
കഴിഞ്ഞവര്‍ഷം ഉത്രാടദിനത്തില്‍ കിട്ടിയ 8.15 ലക്ഷം രൂപയായിരുന്നു. ഇതിനെ മറികടന്നാണ് ഇത്തവണത്തെ വരുമാനം. 25,702 മുതിര്‍ന്നവരും 5,591 കുട്ടികളുമാണ് ഞായറാഴ്ച എത്തിയത് എന്നാണ് കണക്ക്. ശനിയാഴ്ച മാത്രം 3.92 ലക്ഷമായിരുന്നു വരുമാനം. ഇരട്ടി വരുമാനമാണെങ്കിലും സഞ്ചാരികളില്‍നിന്ന് ചില പരാതികള്‍ ഉയരുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത് മുന്‍പ് ഷട്ടര്‍ തുറന്ന സമയത്തെ ദീപാലംകൃതമായ ഡാമിന്റ ചിത്രങ്ങളാണ്.
എന്നാല്‍, ഷട്ടര്‍ ദീപാലംകൃതമാകാതിരുന്നതാണ് സഞ്ചാരികളെ നിരാശരാക്കിയത്. വിവിധ വര്‍ണങ്ങളിലുള്ള വിളക്കുകള്ക്കിടയിലൂടെയുള്ള മനോഹര ജലപ്രവാഹദൃശ്യം ഒരുക്കാന്‍ നിലവില്‍ സംവിധാനം ക്രമീകരിച്ചിട്ടില്ല. ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ ഡാമും ഉദ്യാനവും ദീപാലംകൃതമാക്കാനാവുമെന്നാണ് അധികാരികളുടെ പ്രതീക്ഷ. ജലനിരപ്പ് താഴ്ന്നാലും ഓണംവരെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഷട്ടര്‍ തുറന്നിടുന്നതിനെപ്പറ്റിയും ആലോചനയുണ്ട്.