കൊട്ടിയം: മയ്യനാട് റെയില്‍വേ സ്റ്റേഷനെ സൗന്ദര്യവത്കരിക്കാന്‍ മുന്നിട്ടിറങ്ങി നാട്ടുകാര്‍. കൊവിഡിനെയും അധികൃതരുടെ അവഗണനയെയും പ്രതിരോധിച്ചാണ് നാട്ടുകാര്‍ തന്നെ രംഗത്തെത്തിയത്. മയ്യനാട് റെയില്‍വേ സ്റ്റേഷനിലെ ഓപ്പറേറ്റിങ് ജീവനക്കാരോടൊപ്പം ശുചീകരണ വിഭാഗം ജീവനക്കാരെയും റെയില്‍വേ പിന്‍വലിച്ചിരുന്നു.
കുന്നുകൂടിയ മാലിന്യങ്ങളും പ്രാവിന്കാഷ്ഠങ്ങളുംകൊണ്ട് റെയില്‍വേ സ്റ്റേഷനും പരിസരവും വൃത്തിഹീനമായി. റെയില്‍വേയുടെ സിഗ്നല്‍ പരിഷ്കരണംമൂലമുള്ള അവശിഷ്ടങ്ങളും ചപ്പുചവറുകളുംകൂടിയായപ്പോള് മുന്‍കാലത്ത് സൗന്ദര്യവത്കരണത്തിന് തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകീഴില്‍ പുരസ്കാരം നേടിയ മയ്യനാട് സ്റ്റേഷന്, പാടെ നിലംപതിച്ചു.
അതേസമയം, വേണാട് -മധുര-ഇന്റര്‍സിറ്റി എക്സ്പ്രസുകളുടെ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും സ്റ്റേഷനിലേക്കാവശ്യമായ മുഴുവന്‍ ജീവനക്കാരെയും നിയമിച്ചിട്ടില്ല. മയ്യനാട്ടുനിന്ന് ധാരാളം യാത്രക്കാരുള്ള ഇന്റര്‍സിറ്റി എക്സ്പ്രസ് ചൊവ്വാഴ്ചമുതല്‍ സര്‍വീസ് ആരംഭിക്കുന്ന സാഹചര്യത്തിലാണ് റെയില്‍വേ സ്റ്റേഷനും പരിസരവും മയ്യനാട് റെയില്‍വേ പാസഞ്ചേഴ്സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ശുചീകരിച്ച് അണുനാശനം നടത്താന്‍ നാട്ടുകാരും മുന്‍കൈ എടുത്ത് രംഗത്തിറങ്ങിയത്.