തിരുവനന്തപുരം: സ്വന്തമായി എത്ര ഭൂമിയുണ്ടെന്ന കൃത്യമായ കണക്കു പോലും ഇല്ലാതെ കെഎസ്ഇബി.
നഷ്ടം കാണിച്ച് വൈദ്യുതി ചാര്‍ജ് കൂട്ടാന്‍ കാട്ടുന്ന ജാഗ്രത സ്വന്തം ഭൂമി സംരക്ഷിക്കുന്നതില്‍ കെഎസ്ഇബിയ്ക്ക് ഇല്ലെന്നാണു വിവരാവകാശ രേഖകളില്‍ നിന്നു വ്യക്തമാകുന്നത്.
കെഎസ്ഇബിയുടെ 500 ഏക്കറിലധികം ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യേറിയെന്നാണു സര്‍ക്കാറിന്റെ ഇപ്പോഴത്തെ കണക്ക്. ഏറ്റവും കൂടുതല്‍ കയ്യേറ്റം നടന്നത് വൈദ്യുതി വകുപ്പുമന്ത്രി എംഎം മണിയുടെ നാട്ടിലാണെന്നാണ് കണ്ടെത്തല്‍. കെഎസ്ഇബിയുടെ മിക്ക ഭൂസ്വത്തുക്കള്‍ക്കും അതിര് തിരിക്കുന്ന സര്‍വേ കല്ലുപോലും ഇല്ലെന്നാണ് വിവരാവകാശ രേഖയില്‍ പറഞ്ഞിട്ടുള്ളത്.
ഇടുക്കിയിലെ പാംബ്ല, കല്ലാര്‍കുട്ടി പ്രദേശങ്ങളില്‍ മാത്രം കെഎസ്ഇബിക്ക് ആകെയുള്ളത് 169.3111 ഹെക്ടര്‍ ഭൂമിയാണ്. അതില്‍ 125 ഹെക്ടറും കൈയ്യേറ്റക്കാര്‍ കൊണ്ടുപോയി. മറ്റു പദ്ധതി പ്രദേശങ്ങളിലും സ്ഥിതി ഇതില്‍ നിന്നും വ്യത്യസ്തമല്ലെന്നും വിവരാവകാശരേഖ ചൂണ്ടിക്കാണിക്കുന്നു. 5000 കോടി രൂപയിലേറെയാണ് കെഎസ്ഇബിയുടെ നിലവിലെ നഷ്ടം.