വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയുടെ പ്രവേശന കവാടം പുതുക്കി പണിതതിനു പിന്നാലെ പിഡബ്ല്യുഡി എത്തി കോണ്‍ക്രീറ്റ് പാത പൊളിച്ചുനീക്കി. കാനയ്ക്കായിട്ടാണ് പാത പൊളിച്ചു നീക്കിയത്. ജില്ലാ ആശുപത്രിയിലേക്കു കയറാനായി കെട്ടിയ കോണ്‍ക്രീറ്റ് പാത ദിവസങ്ങള്‍ക്കകമാണ് അധികൃതര്‍ എത്തി പൊളിച്ചത്.
തൃശൂര്‍ ഷൊര്‍ണൂര്‍ സംസ്ഥാന പാതയോടു ചേര്‍ന്ന് ഓട്ടുപാറയിലുള്ള ജില്ലാ ആശുപത്രിയുടെ പ്രവേശന മാര്‍ഗത്തെ കോണ്‍ക്രീറ്റ് നിര്‍മാണമാണു റോഡ് നവീകരണത്തിന്റെയും കാന നിര്‍മാണത്തിന്റെയും ഭാഗമായി പൊളിച്ചത്. ജില്ലാ പഞ്ചായത്താണ് ആശുപത്രിയുടെ കവാടവും ബോര്‍ഡും നവീകരിച്ചു നിര്‍മിച്ചത്. പഴയ കാന അപ്രത്യക്ഷമായിരുന്നതിനാല്‍ അവിടെ കാന ഇല്ലെന്ന ധാരണയില്‍ കോണ്‍ക്രീറ്റ് വഴി പണിയുകയായിരുന്നു.
ഇനി കാന നിര്‍മാണത്തിനു ശേഷം ആശുപത്രിയിലേക്കുള്ള പ്രവേശന വഴിയില്‍ സ്ലാബ് സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പ്രധാന കവാടത്തിലെ പാത പൊളിച്ചെങ്കിലും അത്യാഹിത വിഭാഗത്തിനു മുന്‍വശത്തെ ഗേറ്റ് ഉപയോഗ യോഗ്യമായതിനാല്‍ ആശുപത്രിയിലേക്കുള്ള പ്രവേശനം തടസപ്പെടാത്തതാണ് ഏക ആശ്വാസം.