വാളയാര്‍: വാളയാറില്‍ എക്സൈസ് പരിശോധനയ്ക്കിടെ 20 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി വിശാല്‍ വിലാസിനെ (30) അറസ്റ്റ് ചെയ്തു.ബാഗില്‍ മുഷിഞ്ഞ തുണികള്‍ക്കടിയില്‍ കിഴികളാക്കിയാണ് നോട്ടുകെട്ടുകള്‍ ഒളിപ്പിച്ചിരുന്നത്.
മലപ്പുറത്തേക്കു തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊണ്ടുപോയതെന്നു സംശയിക്കുന്ന പണമാണ് പിടികൂടിയത്. കോയമ്പത്തൂരില്‍നിന്നു തമിഴ്നാട് സര്‍ക്കാര്‍ ബസിലാണു പണം കൊണ്ടുവന്നത്. ചാവടിയില്‍ വച്ച് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറി യാത്ര തുടര്‍ന്നെങ്കിലും ടോള്‍പ്ലാസയ്ക്കു സമീപം എക്സൈസ് പരിശോധന മുന്‍കൂട്ടി അറിഞ്ഞ് പ്രതി ബസില്‍ നിന്ന് ഇറങ്ങി നടന്നു.
ബാഗുമായി പോവുന്നയാളെ സംശയം തോന്നി പരിശോധിച്ചതോടെയാണു പണം കണ്ടെത്തിയത്. ബാഗില്‍ മുഷിഞ്ഞ തുണികള്‍ക്കടിയില്‍ കിഴികളാക്കിയാണ് നോട്ടുകെട്ടുകള്‍ ഒളിപ്പിച്ചിരുന്നത്. ഇതര സംസ്ഥാനക്കാരനാണെങ്കിലും വിശാല്‍ കുടുംബത്തോടൊപ്പം വര്‍ഷങ്ങളായി കൊണ്ടോട്ടിയിലാണു താമസം.
പ്രിവന്റിവ് ഓഫിസര്‍മാരായ എ.ജയപ്രകാശ്, എസ്.മന്‍സൂര്‍ അലി, സിഇഒമാരായ ബി.ഷൈബു, കെ.ജ്ഞാനകുമാര്‍, കെ. അഭിലാഷ്, എം.അഷ്റഫലി, എ.ബിജു, കെ.ലൂക്കോസ് എന്നിവരാണു പരിശോധന നടത്തിയത്. തിരഞ്ഞെടുപ്പിനു ശേഷവും പരിശോധന തുടരുമെന്ന് സ്ക്വാഡ് സിഐ പി.കെ.സതീഷ് അറിയിച്ചു.