കോഴിക്കോട്: ആയിരം പഞ്ചായത്ത് പരാമര്‍ശത്തില്‍ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയെ ട്രോളി സോഷ്യല്‍മീഡിയ. ആയിരം പഞ്ചായത്ത് ബിജെപിക്ക് തരൂ’യെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയോട്, കേരളത്തിലാകെ 941 പഞ്ചായത്ത് മാത്രമേ ഉള്ളൂയെന്നാണ് ട്രോളന്മാരുടെ മറുപടി.
കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. സംഭവം പിന്നീട് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായി മാറിയിരുന്നു. പിന്നാലെയാണ് ട്രോളന്മാരും തലയുയര്ത്തിയെത്തിയത്.
കഴിഞ്ഞ പ്രാവശ്യം തൃശൂര്‍ ചോദിച്ചു, ഇപ്പൊ ഇതാ 1000 പഞ്ചായത്തും കൂടി ചോദിച്ചു. മൊത്തത്തില്‍ എടുത്തോ സുരേഷേട്ടാ എന്നാണ് മറ്റൊരു വിദ്വാന് നല്കിയ മറുപടി. ആയിരം മതിയോ ഒരു 1500 പഞ്ചായത്ത് എടുത്തോട്ടെ ചേട്ടായെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
ബിജെപി പ്രവര്‍ത്തകനാണ് താനെന്ന് അഭിമാനത്തോടെ പറയുമെന്നും അതിന്റെ പേരില്‍ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചാല്‍ കുഴപ്പമില്ലെന്നും വേദിയില്‍ വച്ച് സുരേഷ് ഗോപി പറഞ്ഞിരുന്നു. ‘അടിസ്ഥാനപരമായി ഞാനൊരു കലാകാരനാണ്.
ലോകം മുഴുവന്‍ ആരാധിക്കുന്ന നരേന്ദ്രമോദിയുടെ പടയാളിയാണ് ഞാന്‍. അഴിമതിരഹിതമായ ഭരണ നിര്‍വഹണം പൗരന്റെ അവകാശമാണ് എന്നു കരുതുന്ന മോദിയുടെ ശിഷ്യനാണ്. ഞാന്‍ ബിജെപി പ്രവര്‍ത്തകനാണ്. അതിനെ സംഘിയെന്നോ ചാണക സംഘിയെന്നോ എന്തു വേണമെങ്കിലും വിളിച്ചോളൂ.
ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീട് ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ട്. അതൊന്നു പോയി നോക്കൂ, അവിടെ ഇപ്പോഴും ചാണകം കൊണ്ടാണ് തറ മെഴുകിയത്. അതാണ് നമ്മള്. അല്ലാതെ വേറെ ചിലരെ പോലെ മറ്റു പലതുമല്ല തറയില്‍ മെഴുകിയത്.’- സുരേഷ് ഗോപി പറഞ്ഞു.