തൃശ്ശൂര്‍: കുഞ്ഞുമണിപ്പൂച്ചയ്ക്ക് ജനിച്ചത് അഞ്ച് കുഞ്ഞുങ്ങള്‍. എന്നാല്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ പ്രസവിച്ച കുഞ്ഞുങ്ങള്‍ക്ക് പുതുജീവന്‍ ലഭിച്ചതാകട്ടെ ശസ്ത്രക്രിയയിലൂടെയും. വെറ്ററിനറി ഡോക്ടര്‍ സുശീല്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ഇവയെ വേര്‍പെടുത്തിയെടുത്തത്. ഇപ്പോള്‍ അഞ്ചുപേരും കളിച്ചും പാലുകുടിച്ചും ആരോഗ്യത്തോടെ കഴിയുന്നുണ്ട്.
തൃശ്ശൂരിലെ മണലൂര്‍ പാലാഴി ആലത്തി ശോഭനയുടെ വീട്ടില്‍ തള്ളപ്പൂച്ചയുടെ മൂന്നാം പ്രസവത്തിലാണ് ജനിച്ച അഞ്ചെണ്ണവും പൊക്കിള്‍ക്കൊടിയുടെ ഭാഗം ഒട്ടിച്ചേര്‍ന്നിരുന്നത്. ശസ്ത്രക്രിയയിലൂടെയല്ലാതെ ഒട്ടിച്ചേര്‍ന്നുകിടക്കുന്ന കുട്ടികളെ സാധാരണ പുറത്തെടുക്കാനാകില്ലെന്ന് മനസിലായതോടെ ഡോക്ടറെ സമീപിക്കുകയായിരുന്നു.
പിന്നീട് മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലെ ഡോ. അനൂപിന്റെ നിര്‍ദേശപ്രകാരം അന്തിക്കാട് വെറ്ററിനറി പോളിക്ലിനിക്കിലെ സര്‍ജനും തെക്കുംപാടം സ്വദേശിയുമായ ഡോ. സുശീല്കുമാറും സംഘവും ചേര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. മണ്ണുത്തി വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി ഗൗരി വേണുഗോപാല്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ മുഹമ്മദ് റാഫി, കാര്‍ത്ത്യായനി, ആശുപത്രി ജീവനക്കാരി സുജാത എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.