ബത്തേരി: ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 111 കിലോ കഞ്ചാവ് പിടികൂടി. മുത്തങ്ങയ്ക്കടുത്ത് കല്ലൂര്‍ അറുപത്തേഴില്‍ വെച്ചാണ് പാര്‍സല്‍ ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കോഴിക്കോട് മുക്കം കൂടരഞ്ഞി ചെറ്റാലിമരയ്ക്കാര് വീട്ടില്‍ സ്വാലിഹ് (26) , ക്ലീനര്‍ കൂടരഞ്ഞി മൂടക്കാലില് ആബിദ് (23) എന്നിവരെ അറസ്റ്റു ചെയ്തു.
നാലു ചാക്കുകള്‍ക്കുള്ളില്‍ 50 ചെറിയ പായ്ക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് മലപ്പുറം കോട്ടയ്ക്കലിലേക്ക് മൊത്തക്കച്ചവടത്തിനായി കൊണ്ടു പോവുകയായിരുന്നു എന്നാണ് പിടിയിലായവര്‍ പറഞ്ഞത്.
പിടികൂടിയ കഞ്ചാവിന് ചില്ലറ വില്പന നടത്തുന്ന അനധികൃത മാര്‍ക്കറ്റില്‍ ഒരു കോടി രൂപ വിലമതിക്കുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടിആര്‍ മുകേഷ്കുമാര്‍, എസ് മധുസൂദനന് നായര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ വിശാഖ്, സുബിന്, രാജേഷ്, മുഹമ്മദ് അലി, പ്രഭാകരന് പള്ളത്ത്, രാജീവ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി.