കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബി ജെ പി സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടിയത് പാര്‍ട്ടി നേതാക്കളെ ഒന്നടങ്കം വെട്ടിലാക്കി. കണ്ണൂരിലാണ് സംഭവം. മാലൂര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ മത്സരിക്കുന്ന ഭര്‍തൃമതിയായ സ്ഥാനാര്‍ത്ഥിയാണ് കാമുനൊപ്പം നാടുവിട്ടത്.
ഇപ്പോഴിതാ ഒളിച്ചോടിയ ആ സ്ഥാനാര്‍ത്ഥി കാമുകനെ വിവാഹം കഴിച്ച വാര്‍ത്തയാണ് പുറത്തുവരുന്നത്. അവസാന ഘട്ട പ്രചരണ എന്ന നിലയ്ക്ക് വീട് കയറി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് പെട്ടിയിലാക്കുന്നതിന്റെ തിരക്കിനിടെയിലാണ് സ്ഥാനാര്‍ത്ഥിയുടെ അപ്രതീക്ഷിത ഒളിച്ചോട്ടം.
ഭര്‍ത്താവും കുട്ടികളുമുള്ള ബിജെപി സ്ഥാനാര്‍ത്ഥി പേരാവൂര്‍ സ്റ്റേഷന് പരിധിയിലുള്ള സ്വന്തം വീട്ടിലേക്ക് തിരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടെ എത്തുകയായിരുന്നു. ചില രേഖകള്‍ എടുക്കേണ്ടതുണ്ടെന്നും അത് എടുക്കുന്നതിന് വേണ്ടി പോകുകയാണെന്നും ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും പറഞ്ഞു. എന്നാല്‍ പോയ സ്ഥാനാര്‍ത്ഥി പിന്നെ തിരിച്ചെത്തിയിട്ടില്ല.
ഒളിച്ചോടിയതിന് ശേഷം കാസര്‍കോട്ടെ ബേഡകത്ത് എത്തിയ സ്ഥാനാര്‍ത്ഥി ഇപ്പോള്‍ കാമുകനെ വിവാഹം കഴിച്ചിരിക്കുകയാണ്. ഒളിച്ചോടിയ അടുത്ത ദിവസം ഇവര്‍ ബേഡകത്തെ പൊലീസ് സ്റ്റേഷനില്‍ എത്തി ഹാജരായതിന് ശേഷം അരിച്ചെപ്പ് ക്ഷേത്രത്തില്‍ എത്തി വിവാഹം കഴിക്കുകയായിരുന്നു.
ഗള്‍ഫിലായിരുന്നു കാമുകന് നാട്ടിലെത്തിയതോടെയാണ് ഇവര്‍ ഒളിച്ചോടാന്‍ തീരുമാനിച്ചത്. വിവാഹത്തിന് മുമ്പ് തന്നെ സ്ഥാനാര്‍ത്ഥിക്ക് ഇയാളുമായി അടുപ്പമുണ്ടെന്നാണ് വിവരം. കാമുകന് നാട്ടിലെത്തിയതോടെ ഇവര്‍ തമ്മില്‍ വീണ്ടും അടുക്കുകയായിരുന്നു.
സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥി ഒളിച്ചോടിയത് വാര്‍ഡില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ആകെ താളം തെറ്റിച്ചിരിക്കുകയാണ്.
ജനങ്ങളോട് എന്ത് പറയുമെന്നറിയാതെ കുടുങ്ങിയിരിക്കുകയായിരുന്നു നേതാക്കളും അണികളും.