കണ്ണൂര്‍: ‘സ്കൂള്‍ തുറക്കണോ’… രണ്ടാം ക്ലാസുകാരന് മുഹമ്മദ് മാസിനോട് മുഖ്യമന്ത്രി പിണറായി വിജയന് ചോദിച്ചു… തലയാട്ടിക്കൊണ്ട് വേണമെന്നായിരുന്നു മാസിന്റെ മാസ് മറുപടി. എന്നാല്‍ ഈ വര്‍ഷം തുറക്കണോ എന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോള്‍ അല്‍പ്പം നാണത്തോടെ വേണ്ടെന്ന് പറഞ്ഞു മാസിന്.
മുഖ്യമന്ത്രിയുടെയും കൊച്ചുകുഞ്ഞിന്റെയും സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച എന്തായാലും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്. ചക്കരക്കല്ലില്‍ സിപിഎം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫീസില്‍ തെരഞ്ഞെടുപ്പ് പ്രവര്ത്തനാവലോകനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി.
യോഗം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ മുഖ്യമന്ത്രിയെ കാണാനായി കാത്തുനില്ക്കുകയായിരുന്നു മാസിന്. സിപിഎം ഏരിയാ സെക്രട്ടറി പികെ ശബരീഷിനൊപ്പം പുറത്തിറങ്ങിയ മുഖ്യമന്ത്രി നല്ല മാസ്കാണല്ലോയെന്ന് മാസിനോട് കുശലം പറഞ്ഞു.
സാറിനെ കാണാനായി കാത്തുനില്‍ക്കുകയാണെന്ന് പൊലീസുകാര്‍ പറഞ്ഞു.പിന്നാലെ, കുനിഞ്ഞ് ഏതു ക്ലാസിലാണെന്ന് മുഖ്യമന്ത്രിയുടെ ചോദ്യം. സ്കൂളില്ലല്ലോ എന്ന് കുട്ടി. പിന്നെയും ചോദിച്ചപ്പോള്‍ രണ്ടാം ക്ലാസിലെന്ന് മറുപടി. ഓണ്‍ലൈന്‍ ക്ലാസില്ലേയെന്നും പരീക്ഷയില്ലേയെന്നുമെല്ലാം മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍.
ഒടുവിലാണ് സ്കൂള്‍ തുറക്കല്‍ ‘ചര്‍ച്ച’യായത്. അഞ്ചരക്കണ്ടി പാളയത്തെ മാപ്പിള എല്‍പി സ്കൂള്‍ വിദ്യാര്‍ഥിയായ മുഹമ്മദ് മാസിന് ബാവോട് ദാറുല്‍ഹുദയിലെ തൗഫീഖിന്റെ മകനാണ്. നിരവധി പേരാണ് മുഖ്യമന്ത്രിയുടെയും കൊച്ചുകുഞ്ഞിന്റെയും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സംവിധായകന് അനുരാജ് മനോഹറും വീഡിയോ ഷെയ്തിട്ടുണ്ട്.